
നവീകരണവും സംരക്ഷണവുമില്ല
ആറ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയം സംരക്ഷിക്കണമെന്നാവശ്യം ശക്തം. ജില്ലയിലെ പ്രധാനപ്പെട്ട സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയമാണ് ആറ്റിങ്ങലിലേത്. വിവിധ തലങ്ങളിൽ നാശങ്ങളുണ്ടായിട്ടും സ്റ്റേഡിയം സംരക്ഷിക്കാൻ സംസ്ഥാന കായിക വകുപ്പും, കേരള സ്പോർട്സ് കൗൺസിലും തയ്യാറായിട്ടില്ലെന്ന് കായികപ്രേമികൾ പറയുന്നു. സ്റ്റേഡിയത്തിനടുത്തുള്ള വാട്ടർ അതോറിട്ടിയുടെ മാലിന്യം ഇപ്പോൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയാണ്.
സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് മെനു അനുസരിച്ചുള്ള ഭക്ഷണം നിലച്ചിട്ട് മാസങ്ങളായി. സ്റ്റേഡിയത്തിന്റെ ഭാഗമായ ഇൻഡോർ സ്റ്റേഡിയത്തിൽ വലിയ ചോർച്ചയുണ്ടായിട്ടും, അധികൃതർ ഇത് ഗൗനിക്കുന്നു പോലുമില്ലെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം സ്റ്റേഡിയം നവീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മറ്റുപ്രശ്നങ്ങൾ
1) ജിംനേഷ്യത്തിലെ എ.സിയും പ്രവർത്തിക്കുന്നില്ല
2) നൽകാനുള്ളത് - കോച്ചുകൾക്ക് 4 മാസത്തെ ശമ്പള കുടിശ്ശിക
3) സെക്യൂരിറ്റി ജീവനക്കാർക്കും,സ്വീപ്പേഴ്സിനും,മെസ് ജീവനക്കാർക്കുമെല്ലാം നിലവിൽ ശമ്പള കുടിശ്ശികയുണ്ട്
4) സ്റ്റേഡിയത്തിനും ഹോസ്റ്റലിനും മറ്റും മെയിന്റനൻസ് ഗ്രാന്റ് സർക്കാർ അനുവദിക്കുന്നില്ല
5) ഫുട്ബാൾ സ്റ്റേഡിയത്തിലെ ഫ്ളെഡ് ലൈറ്റുകളും നശിച്ചു
മൺഭിത്തി ഇടിയുന്നു
സ്റ്റേഡിയത്തിന്റെ വടക്ക് ഭാഗത്തുള്ള മൺഭിത്തി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ സിന്തറ്റിക് ട്രാക്കിന് ഇത് വലിയ ഭീഷണിയാണ്.
അറ്റകുറ്റപ്പണികളില്ല
അറ്റകുറ്റപ്പണികൾ നടത്താത്തതുകൊണ്ട് സ്റ്റേഡിയത്തിലെ ഫുട്ബാൾ ടർഫും നാശത്തിലേക്ക്. സ്റ്റേഡിയത്തിലെ പിറ്റ് സംരക്ഷിക്കാനും നടപടിയില്ല. സ്റ്റേഡിയത്തിലെ ഫുട്ബാൾ പോസ്റ്റുകളും നെറ്റുകളും കാണാനില്ല.
ഹോസ്റ്റൽ മെയിന്റനൻസ്
കായിക താരങ്ങളുടെ ഹോസ്റ്റൽ മെയിന്റനൻസ് നടത്താതെ നശിക്കുന്നു.ഹോസ്റ്റലിൽ കുടിവെള്ള ദൗർലഭ്യവുമുണ്ട്.കുടിവെള്ള സ്രോതസായ കിണർ വൃത്തിയാക്കുന്നില്ല.ഹോസ്റ്റൽ കെട്ടിടത്തിന്റെ പലയിടങ്ങളിലും ആൽ അടക്കം പാഴ്ച്ചെടികൾ വളർന്നു നിൽക്കുന്നു.
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ സംരക്ഷണം ഗവൺമെന്റ് അടിയന്തരമായി നടത്തണം.
അഡ്വ.ജി.സുഗുണൻ,ചെയർമാൻ
കേരള സ്പോർട്സ് ആൻഡ്
ഗെയിംസ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |