
ആലുവ: ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ മാറമ്പിള്ളി മുടിക്കൽ കരോത്തു കുടി വീട്ടിൽ സിദ്ദിഖിനെയാണ് (31) ആലുവ സൈബർക്രൈം പൊലീസ് പിടികൂടിയത്. 2025 ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലത്താണ് സംഭവം. ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ കാഞ്ഞൂർ ഡെലിവറി ഹബ്ബിലെ ഇൻചാർജ് ആയിരുന്നു ഇയാൾ. ഇവിടെ നിന്നും 18 ലക്ഷത്തിലേറെ വില വരുന്ന 38 ഫോണുകൾ തട്ടിയെടുത്തു. പല വ്യാജപേരുകളിൽ മൊബൈൽഫോണുകൾ ബുക്ക് ചെയ്ത് ഇവിടെ എത്തിച്ചശേഷം ഫോണുകൾ നഷ്ടപ്പെട്ടുവെന്ന് കമ്പനിയെ അറിയിച്ച് തട്ടിയെടുക്കുകയായിരുന്നു. കുറുപ്പുംപടി, മേക്കാട്, മൂവാറ്റുപുഴ എന്നീ ഡെലിവറി ഹബുകളിലും സമാന രീതിയിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ട്. കുറുപ്പുംപടിയിൽ 40 ലക്ഷത്തിലേറെ രൂപയുടെയും മേക്കാട് 48 ലക്ഷത്തിലേറെ രൂപയുടെയും മൂവാറ്റുപുഴ 53 ലക്ഷത്തിലേറെ രൂപയുടെയും തട്ടിപ്പുകൾ നടന്നതായാണ് കണക്കാക്കുന്നത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐ ടി.കെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |