
തിരുവനന്തപുരം: മെഡിക്കൽ കേളേജ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല പരാമർശവുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കേസിലെ പ്രതിയും മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യർത്ഥിയുമായ എബേൽ അഗസ്റ്റിനെ കോടതി റിമാൻഡ് ചെയ്തു. 4 കേസുകളിലായി അടുത്തമാസം ഏഴ് വരെയാണ് റിമാൻഡ്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മിഥുൻ ഗോപിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
എബേൽ സ്വന്തം വീട്ടുകാരുടെ ഉൾപ്പെടെയുള്ള ചിത്രവും മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി.
സഹപാഠികളുടെ ഇൻസ്റ്റ അക്കൗണ്ടിൽ നിന്നാണ് അവരുടെ ചിത്രങ്ങൾ ശേഖരിച്ചത്. തുടർന്ന് മോർഫ് ചെയ്ത് അശ്ലീല കമന്റോടെ വ്യാപകമായി പ്രചരിപ്പിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വിനോദ്.എം കോടതിയിൽ ഹാജരായി.
പ്രതിക്കെതിരെ ഒന്നിലധികം പെൺകുട്ടികൾ പരാതിയുമായെത്തിയെങ്കിലും ഒരുപരാതിയിൽ മാത്രം കേസെടുക്കുകയും കോടതി ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. പൊലീസിന്റെ അനാസ്ഥമൂലമാണ് ജാമ്യം ലഭിച്ചതെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രി മെഡിക്കൽ കോളേജ് സ്റ്റേഷനിൽ വലിയ വിദ്യാർത്ഥി പ്രതിഷേധമുണ്ടായി. തുടർന്നാണ് കൂടൂതൽ കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജിലെ 20ൽ അധികം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്. കോളേജ് യൂണിയൻ ഭാരവാഹികൾ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയതോടെ സംഭവം സൈബർ വിഭാഗം ഐ.ജി അന്വേഷിക്കുന്നതിന് നിർദ്ദേശം നൽകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |