
ആറ്റിങ്ങൽ: പായലും കാടും മൂടി മാമം ചെങ്കുളത്ത് കുളം നശിക്കുന്നു.നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന മാമം ചെങ്കുളത്ത് കുളം അവഗണന നേരിടാൻ തുടങ്ങിയിട്ട് വർഷങ്ങളായി.അധികൃതർ കുളം നവീകരണത്തിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.നീന്തൽ പരിശീലന കേന്ദ്രമാക്കി വികസി പ്പിക്കാൻ ഒരിക്കൽ പദ്ധതിയിട്ടിരുന്നെങ്കിലും യാഥാർഥ്യമായില്ല. കുളം ആറ്റിങ്ങൽ നഗരസഭ ഏറ്റെടുത്തെങ്കിലും നവീകരണങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
സമീപപ്രദേശങ്ങളിലെ കിണറുകളിൽ വേനൽക്കാലത്തും വെള്ളം ലഭിക്കുന്നതിന് ഈ കുളമാണ് പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ആറ് വർഷം മുൻപ് പ്രദേശത്തെ യുവാക്കൾ സ്വമേധയാ സംഘടിച്ച് കുളം വൃത്തിയാക്കിയെങ്കിലും പിന്നീട് വീണ്ടും കാടുമൂടി.എത്രയും വേഗം കുളം നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നവീകരണം നടന്നിട്ട് 20 വർഷം
കിഴുവിലം ഗ്രാമപഞ്ചായത്തിന്റെയും ആറ്റിങ്ങൽ നഗരസഭയുടെയും അതിർത്തിയിലുള്ള കുളം ഒരുകാലത്ത് പ്രദേശവാസികളുടെ പ്രധാന ജലസ്രാതസ്
കുളിക്കാനും ദൈനംദിന ആവശ്യങ്ങൾക്കുമായി ആശ്രയിച്ചിരുന്നു
കടുത്ത വേനൽക്കാലത്തുപോലും വറ്റാത്ത കുളം ഒരുകാലത്ത് പെരുമാമഠം ഏലായിലെ കൃഷിയുടെ പ്രധാന ജലസ്രോതസായിരുന്നു.കൃഷി കുറഞ്ഞതോടെ കുളത്തിന്റെ സംരക്ഷണവും നിലച്ചു.
ഏകദേശം ഇരുപത് വർഷം മുൻപ് കിഴുവിലം പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച്,പാർശ്വഭിത്തി നിർമ്മിച്ചതാണ് അവസാനത്തെ പ്രധാന വികസന പ്രവർത്തനം
രാജഭരണക്കാലത്ത് നിർമ്മിച്ച കുളമാണിതെന്നാണ് പ്രദേശത്തെ പഴമക്കാരുടെ ഓർമ്മ. കുളത്തിന്റെ മദ്ധ്യഭാഗത്ത് ആഴമേറിയ മണിക്കിണറും ഉണ്ടായിരുന്നതായി അവർ പറയുന്നു.
മാമം കന്നുകാലി ചന്തയിലെത്തിക്കുന്ന കാലികൾക്ക് വെള്ളം കൊടുക്കാൻ കുളത്തിന്റെ ഒരു വശത്ത് പ്രത്യേക സംവിധാനമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം തകർന്നു. കുളത്തിലേക്ക് കാലികളെ ഇറക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.
രാജഭരണക്കാലത്ത് നിർമ്മിച്ച ചെങ്കുളത്ത് കുളം സംരക്ഷിക്കാൻ നടപടി വേണം.
സുരേഷ് കുമാർ,
സാമൂഹ്യ പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |