എട്ടു മാസത്തിനിടെ 46 കേസുകൾ
കൊല്ലം: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ളീലമാക്കി പ്രചരിപ്പിക്കുന്ന സഭവങ്ങൾ ജില്ലയിലും വർദ്ധിക്കുന്നു. എട്ടു മാസത്തിനിടെ 46 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
പെൺകുട്ടികൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് പലപ്പോഴും ഇതിനായി ഉപയോഗിക്കുന്നത്. അടുത്തിടെ പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി സ്വർണം തട്ടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ റൂറലിലും സ്വന്തം ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ പണത്തിനായി വെബ്സൈറ്റുകൾക്ക് വിറ്റ ഭർത്താവ് സിറ്റിയിലും പൊലീസിന്റെ പിടിയിലായിരുന്നു. കുട്ടികളും ഇരകളാവുന്നുണ്ട്. കൊല്ലം സിറ്റി പരിധിയിൽ എട്ടുമാസത്തിനിടെ ഐ.ടി ആക്ട് 67, 67എ വകുപ്പുകൾ പ്രകാരം 46 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2025ൽ 105 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 64 കേസുകളിൽ സ്ത്രീകളും 11 കേസുകളിൽ കുട്ടികളുമാണ് ഇരകൾ. കുട്ടികൾ ഉൾപ്പെട്ട 15 കേസുകളിൽ പോക്സോ വകുപ്പുകൾ ചുമത്തി. ആകെ 116 പേരെ പൊലീസ് പിടികൂടി. ഭൂരിഭാഗം കേസുകളിലും ഇരകളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആണ് പ്രതികളാകുന്നതെന്ന് പൊലീസ് പറയുന്നു. ചില കേസുകളിൽ കാമുകന്മാരും ഭർത്താക്കന്മാരും മക്കളുമുണ്ട് പ്രതിസ്ഥാനത്ത്.
ഒപ്പമുണ്ട് പൊലീസ്
നാണക്കേടും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണം പലരും പരാതി നൽകാൻ മടിക്കുകയാണെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇരകൾ ഭയന്ന് പിന്മാറേണ്ടതില്ല. പരാതി ലഭിച്ചാൽ മണിക്കൂറുകൾക്കകം ദൃശ്യങ്ങൾ നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകും. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഐ.ടി. ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ്. അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ ഏഴ് വർഷം വരെ തടവുണ്ട്. കുട്ടികളെ ഉൾപ്പെടുത്തിയാൽ പോക്സോ നിയമപ്രകാരവും കേസെടുക്കും.
നിർമ്മാണം, ഒപ്പം വിതരണവും
ചാറ്റ് ജി.പി.ടി, ജെമിനി തുടങ്ങിയ എ.ഐകളിൽ അശ്ലീല ഉള്ളടക്കത്തിന് വിലക്കുണ്ട്
അശ്ലീല ദൃശ്യങ്ങൾ ഉണ്ടാക്കുന്നതിന് പ്രതികളെ സഹായിക്കുന്നത് ടെലിഗ്രാം ബോട്ടുകൾ
ഇവ ഉപയോഗിച്ച് ഒന്നോ രണ്ടോ ദൃശ്യങ്ങൾ മാറ്റിയെടുക്കാം, കൂടുതൽ ചിത്രങ്ങൾക്ക് പണം നൽകണം
ഇത്തരത്തിൽ നിർമ്മിക്കുന്ന അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ടെലിഗ്രാമിലെ തന്നെ ഗ്രൂപ്പുകളിലൂടെ.
ഈ ഗ്രൂപ്പുകളിൽ അംഗമാകുന്നതിന് പണം നൽകണം
ഗ്രൂപ്പുകളിലേക്ക് ആളെ എത്തിക്കുന്നതിന് പ്രേത്യേക സംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |