
സ്കൂളിന് മുന്നിൽ അപകടങ്ങൾ തുടർക്കഥ
കല്ലമ്പലം: തിരക്കുള്ള കല്ലമ്പലം - വർക്കല റോഡിൽ ഞെക്കാട് ഗവ.വി.എച്ച്.എസ്.എസിന് സമീപം അപകടങ്ങൾ പതിവായിട്ടും നടപടിയില്ലെന്ന് പരാതി.സ്‌കൂളിന് മുന്നിലെ റോഡ് സുരക്ഷിതമായി മുറിച്ച് കടക്കാൻ ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കുകയോ,ട്രാഫിക് നിയന്ത്രിക്കാൻ മുഴുവൻ സമയം ഗാർഡിനെ നിയമിക്കുകയോ ചെയ്യണമെന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
രാവിലെയും വൈകിട്ടും കടുത്ത തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.ഈ സമയത്താണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്.ഇതുമൂലം കുട്ടികൾ ടി.സി വാങ്ങിപ്പോയ സംഭവങ്ങളുമുണ്ട്.
പരാതികളെ തുടർന്ന് കുറച്ചുനാൾ ട്രാഫിക് പൊലീസിനെ നിയമിച്ചെങ്കിലും,പിന്നീട് അതു മുടങ്ങി.ഫൂട്ട് ഓവർബ്രിഡ്ജ് വേണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകിയിട്ട് മൂന്നര വർഷം കഴിഞ്ഞും.എന്നിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.എത്രയും വേഗം പ്രശ്നത്തിന് പരിഹാരം വേണമെന്നാണ് അദ്ധ്യാപരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
സ്‌കൂൾ പരിസരത്ത് ആവശ്യത്തിനുള്ള സിഗ്നൽ ബോർഡുകൾ ഇല്ല
സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും മറ്റ് വാഹനങ്ങൾ ചീറിപ്പായുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു
ഗതാഗത നിയന്ത്രണത്തിന് സ്‌കൂൾ ഏർപ്പെടുത്തിയ സുരക്ഷാ ജീവനക്കാരനും കഴിഞ്ഞ അദ്ധ്യായന വർഷാവസാനം ഇവിടെവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റിരുന്നു
ഇത്തവണയും സ്കൂൾ തുറന്ന് രണ്ടുമാസത്തിനുള്ളിൽ തന്നെ നിരവധി അപകടങ്ങളാണ് നടന്നത്
കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ റോഡ് കുറുകെ കടക്കുമ്പോൾ ധാരാളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.നാല് കുട്ടികളുടെ കാൽ ഒടിഞ്ഞെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ ഇപ്പോഴും ഉണ്ടെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |