
നെയ്യാറ്റിൻകര: ഓണത്തിന് ചന്തകളിൽ ആവോളം പച്ചക്കറിയെത്തിച്ചിരുന്ന നെയ്യാറ്റിൻകര പിരായുംമൂട്-ചെങ്കൽ പ്രദേശത്തെ കർഷകർക്ക് ഇക്കുറി കണ്ണീരോണം. എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ കീഴിൽ കർഷകർക്കായുള്ള പ്രത്യേക പാക്കേജ് ഇക്കുറി ഇതേ വരെ പ്രഖ്യാപിച്ചിട്ടില്ല. ഓണത്തിന് ഒരു മുറം പച്ചക്കറി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ കീഴിലുള്ള കൃഷി ഭവൻ വഴി നടപ്പാക്കുന്ന പദ്ധതികളാണ് ഈ വർഷം മുടങ്ങിയത്. കൃഷി വകുപ്പിൽ ഇതിലേക്കായുള്ള തുക എത്തിയിട്ടില്ലെന്ന് കൃഷി ഓഫീസർമാർ പറയുന്നു. മുൻകാലങ്ങളിൽ ഓണത്തിന് മൂന്ന് മാസം മുമ്പേ അറിയിപ്പ് ലഭിക്കുമായിരുന്നു. ഇക്കുറി അതുണ്ടായില്ല.
കഴിഞ്ഞ വർഷവും പറ്റിച്ചു
ഒരു ഹെക്ടർ കൃഷി ചെയ്താൽ 25000 രൂപയാണ് കർഷകർക്ക് സബ്‌സിഡിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ തുക കഴിഞ്ഞ വർഷങ്ങളിലൊന്നും കിട്ടിയിട്ടില്ലെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ 5 വർഷമായി സബ്സിഡിയും കാലവർഷക്കെടുതിയിലുള്ള വിള നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. രണ്ട് വർഷം മുമ്പ് ചെങ്കൽ ഏലായിൽ മാത്രം 12 ഹെക്ടറിലധികം വാഴത്തോട്ടങ്ങളാണ് വെള്ളത്തിനടിയിലായത്. വാഴ ഒന്നിന് 10 രൂപയാണ് നഷ്ടപരിഹാരം. അതും ലഭിച്ചില്ല. കൃഷി ഓഫീസിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതല്ലാതെ തുക ലഭ്യമാകുന്നില്ല.
മുൻ വർഷങ്ങളിൽ ചെങ്കൽ പ്രദേശത്തുനിന്ന് മാത്രം ലോഡുകണക്കിന് പച്ചക്കറികളാണ് തലസ്ഥാനത്തെ മാർക്കറ്റുകളിലേക്ക് പുലർച്ചെ മുതൽ എത്തിച്ചിരുന്നത്. ഇപ്പോൾ ഉത്പാദനം കുറഞ്ഞു.
കാർഷിക സർവകാലാശാലയും ശാസ്ത്രജ്ഞന്മാരുമുണ്ടെങ്കിലും ചെറുകിട കർഷകർക്ക് ഇവരിൽ നിന്ന് യാതൊരു നിർദ്ദേശമൊ വിളസംരക്ഷണമൊ ലഭിക്കുന്നില്ല
വാഴകൾക്കും പച്ചക്കറിവിളകൾക്കും പല തരം രോഗം ബാധിക്കുമെങ്കിലും കൃഷി ഭവനിൽ നിന്ന് സംരക്ഷണമില്ല
കഴിഞ്ഞ വർഷം മാത്രം ക്ളസ്റ്റർ ഒന്നിന് ഒരു ലക്ഷത്തോളം രൂപ സബ്സിഡി ലഭിക്കാനുണ്ട്. ഇൻഷ്വറൻസും കിട്ടാനുണ്ട്.
കർഷക പ്രതിഷേധം
കഴിഞ്ഞ 12 വർഷമായി പ്രഖ്യാപിത വിള ഇൻഷ്വറൻസും നൽകുന്നില്ല. ഇതിന്മേൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചെങ്കൽ-പിരായുംമൂട് പ്രദേശത്തെ കർഷകർ പാടവരമ്പത്ത് സമരം സംഘടിപ്പിച്ചിരുന്നു.
കീഴ്‌കൊല്ല -ചെങ്കൽ ഏലായിലെ ആറ് ക്ലസ്‌റ്റർ ഗ്രൂപ്പാണ് പ്രതിഷേധവുമായെത്തിയത്. ഓണത്തിന് നൽകുന്ന ഒരു കൈത്താങ്ങും അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തവണ ഉണ്ടായില്ല. ഇതു കാരണം പല കുടംബങ്ങളും കൃഷി ഉപേക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |