തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജകാൾസെന്റർ ഒരുക്കി അമേരിക്കക്കാരെ ലോൺആപ്പ് തട്ടിപ്പിൽ കുരുക്കിയ ഉത്തരേന്ത്യൻ സംഘം, തട്ടിയെടുത്ത പണം അമേരിക്കൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന് സൂചന. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡോളറിൽ തുടർച്ചയായ ഇടപാട് നടക്കുന്നത് അമേരിക്കൻ ഏജൻസികൾ നിരീക്ഷിക്കും. അതിനാലാണ് അവിടത്തെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടാവുമെന്ന് പൊലീസ് കരുതുന്നത്.
തട്ടിപ്പിൽ മുഖ്യപങ്കുള്ള ഗുജറാത്ത് സ്വദേശി പാർത്ഥ് റാണയെ ഇന്നലെ പുലർച്ചെ അലഹാബാദ് വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. പൊലീസിനെ വെട്ടിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മുംബയ് വഴിയാണ് ഇയാൾ അലഹാബാദിലേക്ക് കടന്നത്. ഇയാളെ ഇന്ന് അലഹാബാദിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി നാളെയോടെ തിരുവനന്തപുരത്ത് എത്തിക്കും.
റാണയെ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്നാണ് പൊലീസ് കരുതുന്നത്. രാജ്യാന്തര ബന്ധമുള്ള കേസായതിനാൽ അന്വേഷണം സി.ബി.ഐക്ക് കൈമാറുമെന്നും സൂചനയുണ്ട്. മുഖ്യസൂത്രധാരനായ ഉത്തർപ്രദേശ് സ്വദേശി ആശ്‌ദീപ് ചൗധരിയെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായവരിൽ 11 പേരെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത മറ്റ് 7പേരെ തട്ടിപ്പിൽ ബന്ധമില്ലാത്തതിനാൽ വിട്ടയച്ചു.
പോങ്ങുംമൂട് ഐറിസ് ആശുപത്രിക്കടുത്ത് പവിഴം ഹോംസിന്റെ വാണിജ്യകെട്ടിടം വാടകയ്ക്കെടുത്താണ് വ്യാജ കാൾസെന്റർ പ്രവർത്തിച്ചിരുന്നത്.
കമ്പ്യൂട്ടർ തുറക്കാനായില്ല
ഉത്തരേന്ത്യൻ സംഘം തട്ടിയെടുത്ത പണം എത്രയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സിറ്രി പൊലീസ് കമ്മിഷണർ ഡോ.അരുൾ ആർ.ബി. കൃഷ്ണ പറഞ്ഞു. വ്യാജ കാൾസെന്ററിന്റെ സെർവറായ കമ്പ്യൂട്ടർ ഇതുവരെ തുറക്കാനായിട്ടില്ല. തെറ്റായ പാസ്‌വേഡ് നൽകിയാൽ വിവരങ്ങൾ സ്വയം മാഞ്ഞുപോവുന്ന തരത്തിലാണ് ഇതിലെ സംവിധാനങ്ങളെന്നാണ് കരുതുന്നത്.
തട്ടിപ്പിന്റെ സൂത്രധാരനായ ആശ്ദീപ് ചൗധരിയാണ് ഈ കമ്പ്യൂട്ടറുപയോഗിച്ചിരുന്നത്. പണമിടപാടുകൾ നടത്തുന്ന പ്രധാന സെർവറാണിത്. പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട രണ്ടു പ്രതികളെക്കൂടി ഉടൻ പിടികൂടുമെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ പറഞ്ഞു. തട്ടിപ്പ് കണ്ടെത്താൻ നേതൃത്വം നൽകിയ സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി കൃഷ്ണയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |