
കല്ലറ: പണ്ടൊക്കെ ഓണം അടുത്താൽ നിന്ന് തിരിയാൻ സമയമില്ലാത്തവരായിരുന്നു മൺപാത്ര നിർമ്മാണ തൊഴിലാളികൾ. എന്നാൽ ഇന്ന് അസംസ്‌കൃത വസ്തുവായ കളിമണ്ണിന്റെ ക്ഷാമവും നിർമ്മാണച്ചെലവിന് ആനുപാതികമായി മൺപാത്രങ്ങൾക്ക് വിലയില്ലാത്തതും ഈ മേഖലയെ പ്രതിസന്ധിയിലാക്കി.അതോടെ ഈ മേഖലയിൽ തൊഴിലാളികളെ കിട്ടാതെയുമായി.പട്ടിണിയിലുമായി.മുൻപ് പ്രദേശത്ത് നൂറിലധികം കുടുംബങ്ങളാണ് മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. ഇന്ന് അത് പേരിൽ മാത്രമായി അവശേഷിക്കുന്നു. പാടശേഖരങ്ങളിൽ നിന്ന് കളിമണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണം വന്നതോടെ തമിഴ്‌നാട്ടിൽ നിന്നും മറ്റും അരച്ചെടുത്ത കളിമണ്ണ് എത്തിക്കുകയാണ്. ഇതിന് ലോഡ് കണക്കിന് 15,000 രൂപയാണ് വില. മൺപാത്ര വ്യവസായത്തിന് സർക്കാരിൽ നിന്ന് സഹായമൊന്നും ലഭിക്കുന്നില്ലെന്ന് മൺപാത്ര നിർമ്മാണ തൊഴിലാളികൾ പറയുന്നു.
വേളാർ സമുദായത്തിൽപ്പെട്ടവരാണ് കൂടുതലായും കളിമണ്ണുകൊണ്ടുള്ള മൺമാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. ജില്ലയിൽ ആറ്റിങ്ങൽ,നെടുമങ്ങാട്,ചിറയിൻകീഴ്,നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നൂറിലധികം കുടുംബങ്ങളാണ് മൺപാത്രം നിർമ്മിച്ചിരുന്നത്. ഇന്നത് വിരലിൽ എണ്ണാവുന്നതായി.
കളിമണ്ണ് കുഴച്ച് മൺപാത്രം നിർമ്മിക്കണമെങ്കിൽ അഞ്ച് ഘട്ടങ്ങളാണുള്ളത്. കളിമണ്ണ് കൊണ്ട് ആദ്യം ചക്രത്തിൽ വച്ച് പാത്രങ്ങൾ നിർമ്മിച്ചെടുക്കണം. പിന്നീട് വെയിലത്ത് വച്ച് ഉണക്കിയശേഷം ബേക്ക് ചെയ്ത് എടുക്കും.
മൺപാത്രം നിർമ്മിക്കുന്ന ചക്രത്തിന് 25,000 രൂപയാണ് വില. കളിമണ്ണ് അരയ്ക്കുന്ന മെഷീന് 50,000 രൂപയും, ബേക്കിംഗ് മെഷീന് 4 ലക്ഷം രൂപയുമാണ് ചെലവ്. വാങ്ങാൻ കഴിവില്ലാത്തവർ വിറക് കത്തിച്ച് മൺമാത്രങ്ങൾ ചൂടാക്കിയെടുക്കും.
ജോലിക്ക് അനുസരിച്ച് കൂലിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.പല കുടുംബങ്ങളും തൊഴിൽ ഉപേക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |