നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവേശന കവാടമായ അത്താണിയിൽ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. വിമാനത്താവളം ആരംഭിച്ച് കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ദേശീയപാതയിൽ അത്താണി കവലയിലെ ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നങ്ങളും പരിഹരിക്കാൻ ദേശീയപാത അതോറിട്ടിയും സംസ്ഥാന സർക്കാരും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
വിമാനത്താവളത്തിന്റെ മുഖ്യപ്രവേശന കവാടമായ അത്താണിയിൽ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് പുറമെ പറവൂർ - എയർപോർട്ട് റോഡും ഇവിടെയാണ് സംഗമിക്കുന്നത്. ദിനംപ്രതി പതിനായിരക്കണക്കിന് ആളുകളും വാഹനങ്ങളുമാണ് എത്തുന്നത്. ആവശ്യത്തിന് പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ റോഡരികിൽ നിറുത്തേണ്ടി വരുന്നു. ഇത് കടുത്ത ഗതാഗത തടസമാണുണ്ടാക്കുന്നത്.
നടപ്പാതകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. പൊതുകാനകൾക്ക് മീതെ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സ്ളാബുകൾ റോഡ് നിരപ്പിലായതിനാൽ വാഹനങ്ങൾക്ക് സൗകര്യവും കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയുമാണ്. അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും അനുയോജ്യമായ ഒരു പൊതു പാർക്കിംഗ് കേന്ദ്രം അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊലീസ് എയ്ഡ് പോസ്റ്റുമില്ല
വാഹനത്തിരക്കിന് പുറമെ ഒന്നിലേറെ വിദേശ മദ്യഷോപ്പുകളും ആരാധനലായങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്ന കവലയായിട്ടും ഇതുവരെ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടില്ല. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനും പൊലീസ് എയ്ഡ് പോസ്റ്റ് അത്യാവശ്യമാണ്. രാത്രികാലങ്ങളിൽ ഉൾപ്പെടെ പ്രദേശവാസികളുടെയും യാത്രാക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സാന്നിദ്ധ്യം അനിവാര്യമാണ്.
മുഖ്യമന്ത്രിക്ക് വ്യാപാരികൾ
നിവേദനം നൽകി
വിമാനത്താവളത്തിന്റെ പ്രവേശനകവാടമായ അത്താണിയിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും പൊതുപാർക്കിംഗ് കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് അത്താണി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. പ്രസിഡന്റ് കെ.ജെ. പോൾസൺ, ജനറൽ സെക്രട്ടറി ജോബി അഗസ്റ്റിൻ, ട്രഷറർ ബിന്നി തരിയൻ, രക്ഷാധികാരി എ. വി. രാജഗോപാൽ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനുമായി അത്താണി ജംഗ്ഷനിൽ ഒരു പുതിയ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |