SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

അപകട ഭീതി ഒഴിവായി,​ ചാനൽപ്പാലം-റസൽപുരം റോഡിലെ ഇരുമ്പുവേലി നിർമ്മാണം പൂർത്തിയായി

general

ബാലരാമപുരം: ചാനൽപ്പാലം ജംഗ്ഷൻ മുതൽ റസൽപുരം വരെയുള്ള റോഡിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറിന് സമീപം കനാലിന്റെ ഭാഗത്ത് ഇരുമ്പ് വേലിയുടെ നിർമ്മാണം പൂർത്തിയായി. ഇനി ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കനാൽക്കയത്തിൽ വീഴാതെ സുരക്ഷിതമായി കടന്നുപോകാൻ സാധിക്കും. മാസങ്ങൾക്ക് മുമ്പാണ് മിനിലോറി കനാൽക്കയത്തിൽ പതിച്ചത്. കനാലിന് സമീപം ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടക്കാറുണ്ട്.

കാട്ടാക്കട നിയോജകമണ്ഡലത്തിൽ 117.34കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ചാനൽപ്പാലം-റസൽപുരം റോഡ് ബി.എം.ആൻഡ്.ബി.സി മാതൃകയിൽ ഗതാഗതയോഗ്യമാക്കിയത്. ഓട നിർമ്മിക്കാൻ സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയതിനാൽ സുരക്ഷാവേലി നിർമ്മിക്കണമെന്ന ആവശ്യം നിരവധി തവണ നാട്ടുകാർ ഉന്നയിച്ചിരുന്നു.

ഇനി കനാലിൽ വീഴില്ല

കനാൽക്കയത്തിനോട് ചേർന്ന് താരതമ്യേന റോഡിന് വീതി കുറവായതിനാൽ ചാനൽപ്പാലം -റസൽപുരം റോഡിൽ അപകടം പതിവായിരുന്നു. ഇതേത്തുടർന്ന് കനാലിനോട് ചേർന്നുള്ള ഭാഗം മെറ്റലിട്ട് വീതി വർദ്ധിപ്പിച്ചിരുന്നെങ്കിലും ആദ്യഘട്ട നിർമ്മാണപ്രവൃത്തികളിൽ സുരക്ഷാവേലി ഉൾപ്പെടുത്തിയിരുന്നില്ല. ചാനൽപ്പാലം-റസൽപുരം റോഡിൽ കനാൽ വഴി വാഹനങ്ങളുടെ യാത്ര അപകടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിഷയം മരാമത്ത് അസി.എൻജിനിയറുടെ ശ്രദ്ധയിൽപ്പെടുത്തുകയും റോഡ് ടാറിംഗിനോടൊപ്പം ഇരുമ്പ് വേലി നിർമ്മിക്കണമെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു.

ആദ്യം 50മീറ്റർ പരിധിയിൽ ഇരുമ്പ് വേലി നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും വാഹനങ്ങളുടെ സുരക്ഷിത യാത്ര മുൻനിറുത്തി റസൽപുരം റോഡിൽ കെ.എസ്.ഇ.ബി ട്രാൻസ്ഫോമറിന് സമീപത്തേക്ക് നീട്ടി. കഴിഞ്ഞ ദിവസം ഇരുമ്പ് വേലി നിർമ്മിക്കുന്നതിന്റെ ജോലികൾ പൂർത്തിയായി.

വെല്ലുവിളിയായി വാഹനങ്ങളുടെ അമിത വേഗം

ചാനൽപ്പാലം-റസൽപുരം റോഡിൽ വാഹനങ്ങളുടെ അമിതവേഗം വെല്ലുവിളിയായിരിക്കുകയാണ്. ടാറിംഗിനോട് ചേർന്ന് മഞ്ഞ ലൈറ്റുകൾ സ്ഥാപിച്ച് വാഹനത്തിന്റെ വേഗം കുറക്കാൻ സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ചാനൽപ്പാലം ജംഗ്ഷൻ മുതൽ 30ത് മീറ്റർ കഴിഞ്ഞാൽ കൊടുംവളവാണ്. എതിർദിശയിൽ നിന്നു വാഹനം വരുന്നത് കാണാൻ സാധിക്കാത്തവിധം ഇരുമ്പ് വേലിയോട് ചേർന്ന് കനാലിന് സമീപം കാട് പടർന്ന് കിടക്കുകയാണ്. അപകടം നടക്കുന്നത് ഈ വളവിലാണ്.

നെയ്യാർ ഡിവിഷനിലെ ചാനൽപ്പാലം-റസൽപുരം റോഡിലെ കനാൽ അടിയന്തരമായി വൃത്തിയാക്കണമെന്നും ഇതുവഴിയുള്ള യാത്ര സുരക്ഷിതമാക്കാൻ ഇരുമ്പ് വേലിയോട് ചേർന്ന് കിടക്കുന്ന കാട് വെട്ടിത്തെളിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL