വെള്ളറട: അമ്പൂരിയിൽ കെ.എസ്.ഇ.ബിയുടെ 100 കിലോയോളം വരുന്ന അലൂമിനിയത്തിന്റെ ഇലക്ട്രിക് കമ്പി മോഷ്ടിക്കാൻ ശ്രമിച്ച പ്ലസ്ടു വിദ്യാർത്ഥിയെ പൊലീസ് പിടികൂടി. മൂന്ന് പേർ രക്ഷപെട്ടു. ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. അമ്പൂരിയിൽ വിനോദസഞ്ചാരത്തിനായി രണ്ട് ബൈക്കുകളിലായാണ് നാല് വിദ്യാർത്ഥികളെത്തിയത്. ഗ്രാമപഞ്ചായത്ത് ഓഫീസ് സമീപത്തെ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലിട്ടിരുന്ന നൂറ് കിലോയോളം വരുന്ന അലൂമിനിയം കമ്പികളാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. വിദ്യാർത്ഥികളിൽ ഒരാൾ അലൂമിനിയം കമ്പിയുടെ ചുരൾ അഴിക്കുന്നത് കുമ്പിച്ചൽ കടവിൽ പട്രോളിംഗിന് പോയി തിരികെ വരികയായിരുന്ന നെയ്യാർഡാം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ മറ്റ് വിദ്യാർത്ഥികൾ ബൈക്കിൽ രക്ഷപെട്ടു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് നെയ്യാറ്റിൻകര സ്വദേശികളായ പ്ളസ് ടു വിദ്യാർത്ഥികളാണെന്നും അമ്പൂരിയിൽ സ്ഥലം കാണാനെത്തിയതാണെന്നും അറിയുന്നത്. രക്ഷാകർത്താവിനെ വിളിച്ചുവരുത്തി കേസെടുത്തശേഷം കുട്ടിയെ വിട്ടയച്ചു. അതേസമയം, കഴിഞ്ഞ രണ്ടു ദിവസത്തെ കാറ്റും മഴയും കാരണം വ്യാപകമായി വൈദ്യുതി തകരാറുകൾ സംഭവിച്ചിരുന്നു. ഇതിന്റെ പണിത്തിരക്കിലായതിനാൽ ജീവനക്കാർ ഓഫീസിന്റെ പരിസരത്ത് ഇല്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |