
വെഞ്ഞാറമൂട്: എക്‌സൈസ് അധികൃതരുടെ പരിശോധനയിൽ ടൂറിസം പദ്ധതി പ്രദേശത്ത് നിന്ന് പത്ത് അടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. മാണിക്കൽ പഞ്ചായത്തിലെ സാഹസിക ടൂറിസം പദ്ധതി പ്രദേശമായ മദപുരം തമ്പുരാൻ തമ്പരാട്ടിപ്പാറയിൽ വാമനപുരം എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പാറക്കെട്ടിന് സമീപമുള്ള കുറ്റിക്കാട്ടിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്.
ടൂറിസം പദ്ധതി പ്രദേശമാണങ്കിലും പ്രദേശത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം അധികമാരും ഇവിടേക്ക് വരാറില്ല. എന്നാൽ ഇവിടെ ലഹരി ഉപയോഗിക്കുന്നവരും സാമൂഹ്യ വിരുദ്ധരും ഈ കേന്ദ്രം സുരക്ഷിത താവളമായി കണ്ട് ഇവിടെ എത്താറുമുണ്ടെന്നാണ് പരാതി. ഇത്തരത്തിൽ ഉപയോഗിച്ച കഞ്ചാവിൽ നിന്ന് വിത്ത് മുളച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കഞ്ചാവ് ചെടി കണ്ടെത്തിയ കാര്യം ഉന്നതോദ്യോഗസ്ഥരെ റിപ്പോർട്ട് ചെയ്ത ശേഷം എക്‌സൈസ് അധികൃതർ നശിപ്പിച്ചു. ഫോട്ടോ:മദപുരം തമ്പുരാൻ തമ്പുരാട്ടിപ്പാറയിൽ കണ്ടെത്തിയ കഞ്ചാവ് ചെടിയുമായി താഴേക്ക് ഇറങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |