കണ്ണൂർ: ശസ്ത്രക്രിയയും കീമോതെറാപ്പിയും ഒരേ ദിവസം പൂർത്തിയാക്കി, ജീവന് ഭീഷണിയായ അപൂർവ അർബുദത്തെ അതിജീവിച്ച് 51 വയസ്സുകാരിയായ കണ്ണൂർ സ്വദേശിനി പുതുജീവിതത്തിലേക്ക്. ഹൈപെക് (ഹൈപ്പർതെർമിക് ഇൻട്രാപെരിട്ടോണിയൽ കീമോതെറാപ്പി) എന്ന അത്യാധുനിക ചികിത്സാരീതിയിലൂടെ കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘമാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
ശസ്ത്രക്രിയയ്ക്കു പിന്നാലെ ഉടൻ നൽകുന്ന പ്രത്യേക കീമോതെറാപ്പിയിലൂടെ ഒറ്റ ദിവസം കൊണ്ട് ചികിത്സ പൂർത്തിയാക്കാനായതാണ് ഈ കേസിനെ വേറിട്ടതാക്കുന്നത്. ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലും സർജിക്കൽ സംഘത്തിന്റെ വൈദഗ്ദ്ധ്യവുമാണ് രോഗിയെ അതിവേഗം പൂർണ്ണാരോഗ്യത്തിലേക്ക് നയിച്ചത്.
ഉദരസംബന്ധമായ അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിയ രോഗിയിലാണ്, ഉദരത്തിലെ ആന്തരിക പാളികളെ ബാധിക്കുന്ന അപൂർവ അർബുദമായ സ്യൂഡോമിക്‌സോമ പെരിറ്റോണി കണ്ടെത്തിയത്. അപ്പൻഡിക്സിലോ മറ്റ് ആന്തരികാവയവങ്ങളിലോ രൂപപ്പെടുന്ന ട്യൂമർ പൊട്ടിത്തകരുമ്പോൾ അതിനുള്ളിലെ ദ്രാവകം ഉദരത്തിലെ മറ്റ് അവയവങ്ങളിലേക്ക് അതിവേഗം പടരുകയും പുതിയ ട്യൂമർ കോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന മാരകമായ അവസ്ഥയിലേക്കാണ് ഇത് നീങ്ങുക.
ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഫഹീം അബ്ദുള്ളയുടെ നേതൃത്വത്തിലാണ് മണിക്കൂറുകൾ നീണ്ട അതിസങ്കീർണ്ണ ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു. സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. കെ.പി അബ്ദുള്ള, ഗ്യാസ്‌ട്രോ സർജൻ ഡോ. ബി.എൽ അമിത്, മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. മനു പ്രസാദ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സുപ്രിയ രഞ്ജിത്ത്, ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. റിനോയ് എന്നിവരും ശസ്ത്രക്രിയാ സംഘത്തിൽ പങ്കാളികളായി.
ജീവൻ രക്ഷിച്ച നൂതന ചികിത്സ
സാധാരണ കാൻസർ ചികിത്സാരീതികൾ ഫലപ്രദമല്ലാത്ത ഈ അവസ്ഥയിൽ, ഹൈപെക് ശസ്ത്രക്രിയയാണ് മെഡിക്കൽ സംഘം സ്വീകരിച്ചത്. അർബുദബാധിത കോശങ്ങളെ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായി നീക്കം ചെയ്ത ശേഷം, പ്രത്യേക താപനിലയിലാക്കിയ കീമോതെറാപ്പി മരുന്നുകൾ ഉദരത്തിനുള്ളിൽ നേരിട്ട് കടത്തിവിടുന്നതാണ് ചികിത്സാരീതി. ഒരു ദിവസം കൊണ്ടു തന്നെ അനുബന്ധ ചികിത്സകൾ പൂർത്തിയാക്കി, തുടർചികിത്സകളൊന്നും ആവശ്യമില്ലാതെ വരുന്നു എന്നതാണ് ഈ നൂതന രീതിയുടെ ഏറ്റവും വലിയ സവിശേഷത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |