തിരുവനന്തപുരം: നഗരത്തെ ഭക്തിസാന്ദ്രമാക്കി നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാർ ഇന്നലെ രാധമാരോടൊപ്പം നഗരവീഥികളിൽ പിച്ചവച്ചു.പുല്ലാങ്കുഴൽ നാദങ്ങൾ തെരുവുകളിൽ സംഗീതമഴയായി.
'മായവിട്ടുണരൂ, മാനവനായ് വളരൂ' എന്ന സന്ദേശമുയർത്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചത്.ചെറുശോഭായാത്രകൾ പ്രധാന കവലകളിൽ സംഗമിച്ച് മഹാശോഭായാത്രകളായി.നഗരത്തിലെ 10 കേന്ദ്രങ്ങളിൽ നിന്ന് വൈകിട്ട് 3.30ന് ആരംഭിച്ച ചെറു ശോഭായാത്രകൾ പാളയം മഹാഗണപതി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ സംഗമ ഘോഷയാത്രയായി.ഇവിടെനിന്നും മഹാശോഭായാത്രയായി പുറപ്പെട്ടു.
ശ്രീകൃഷ്‌ണ വിഗ്രഹത്തിൽ മാലചാർത്തി ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി ശ്രീശാന്താനന്ദ മഹർഷി ഉദ്‌ഘാടനം ചെയ്തു.ബാലഗോകുലം ജില്ലാ പ്രസിഡന്റ് ടി.എസ്.രാജന്റെ അദ്ധ്യക്ഷതയിൽ മേയർ വി.വി.രാജേഷ് ഗോകുല പതാക കൈമാറി .ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ കെ.എൻ.സജികുമാർ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി.ഭാരവാഹികളായ ഉണ്ണി വഴയില, ലിജു.വി.നായർ എന്നിവർ സംസാരിച്ചു.ശ്രീകൃഷ്ണന്റെയും പുരാണ കഥാപാത്രങ്ങളുടെയും വേഷമണിഞ്ഞ കുരുന്നുകൾ, പഞ്ചവാദ്യം,ഗോപികാ നൃത്തം,രഥം,പഞ്ചവാദ്യം,ചെണ്ടമേളം,പാണിവിളക്ക്, കേരളീയ വേഷധാരികളായ സ്ത്രീകൾ,മുത്തുക്കുടകൾ,ഭജനസംഘം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.
പഴവങ്ങാടി ഗണപതിക്ഷേത്രത്തിന് മുന്നിൽ യാത്ര ആരതിയോടെ സമാപിച്ചു. ആറ്റുകാൽ ദേവീ ക്ഷേത്രട്രസ്റ്റ് ഒരുക്കിയ അവൽപ്പൊതിയും ഉണ്ണിയപ്പവും പ്രസാദമായി ശോഭായാത്രയിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.ജില്ലയിലെമ്പാടും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശോഭായാത്രകൾ സംഘടിപ്പിച്ചു.
ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമായ ഇന്നലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളാണ് നടന്നത്.ശ്രീകൃഷ്ണക്ഷേത്രങ്ങൾ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞു.പ്രധാന ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ദർശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ,നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,പേരൂർക്കട അമ്പലമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം,ഋഷിമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം , പിരപ്പൻകോട് ശ്രീകൃഷ്ണക്ഷേത്രം,ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പ്രത്യേക പൂജകൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |