SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

വിതുര കല്ലൻകുടിയിൽ കാട്ടാനക്കൂട്ടം

മ്ലാവിനെ കൊന്നു

വിതുര: വിതുര പഞ്ചായത്തിലെ മണലി വാർഡിലെ കല്ലൻകുടി മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. കഴിഞ്ഞ ദിവസം രാത്രിയിൽ ഇവിടെ താണ്ഡവമാടിയ കാട്ടാനകൾ കൃഷികൾ നശിപ്പിച്ചതിന് പുറമേ ഒരു മ്ലാവിനെ കൊല്ലുകയും ചെയ്തു. വനപാലകരെത്തിയാണ് കാട്ടാനകളെ തുരത്തി വിട്ടത്.

ഒരാഴ്ച മുൻപ് നെട്ടയത്തിറങ്ങിയ കാട്ടാന വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും നശിപ്പിച്ചിരുന്നു. നേരത്തെ ഒരു വീടും തകർത്തിരുന്നു. ഉപജീവനത്തിനായി നടത്തിയിരുന്ന മേഖലയിലെ കൃഷികൾ മുഴുവൻ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. രണ്ടാഴ്ചയായി മേഖലയിൽ കാട്ടാനശല്യമുണ്ട്. പകൽസമയത്തുപോലും കാട്ടാനകൾ എത്തുന്നതിനാൽ ജനം ഭീതിയിലാണ്.

വിദ്യാ‌ർത്ഥികളും ബുദ്ധിമുട്ടിൽ

വിദ്യാർത്ഥിസമൂഹവും ബുദ്ധിമുട്ടിലാണ്. വനവിഭവങ്ങൾ ശേഖരിക്കാൻ പോലും കാട്ടിനുള്ളിൽ കയറാൻ സാധിക്കുന്നില്ലെന്ന് ആദിവാസികൾ പറയുന്നു. അനവധി പേർ കാട്ടാനകളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. ആനശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് മണലി, കല്ലൻകുടി, നെട്ടയം നിവാസികൾ നിരവിധി സമരങ്ങളും നടത്തിയിട്ടുണ്ട്.ഫോറസ്റ്റ് ഓഫീസും ഉപരോധിച്ചു.

ആനക്കിടങ്ങും വൈദ്യുതവേലിയും നടപ്പായില്ല

മേഖലയിൽ ആനക്കിടങ്ങും വൈദ്യുതവേലിയും നിർമ്മിക്കുമെന്ന് വനപാലകർ വാഗ്ദാനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല. കല്ലൻകുടി മേഖലക്ക് പുറമേ കല്ലാർ മൊട്ടമൂട് മേഖലയിലും കാട്ടാനശല്യം അതിരൂക്ഷമാണ്. ടൂറിസ്റ്റുകൾക്ക് ഭീഷണി ഉയർത്തി കല്ലാർ പൊൻമുടി റോഡിൽ വരെ പകൽസമയത്ത് കാട്ടാനകൾ എത്തുന്നുണ്ട്. ഇവിടെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിയേയും പിതാവിനേയും കാട്ടന ആക്രമിച്ചിരുന്നു. വനപാലകരുടെ ഓഫീസും തകർത്തു. ആനശല്യത്തിന് തടയിടുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വനപാലകർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL