SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

പൊഴിയൂരിനെ രക്ഷിക്കാനായി പുതിയ പദ്ധതി വരുന്നു

പാറശാല: പൊഴിയൂരിലെ കടലാക്രമണം കാരണം അടിക്കടിയുണ്ടാകുന്ന തകർച്ചയിൽ നിന്നും രക്ഷകിട്ടാൻ പ്രത്യേക പദ്ധതികൾ ഒരുങ്ങുന്നു. പൊഴിയൂരിൽ കടലാക്രമണം തടയുന്നതിനായുള്ള പുലിമുട്ട് നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി 74കോടി രൂപ അനുവദിച്ചതിനെ തുടർന്നാണ് പദ്ധതികൾക്ക് തുടക്കമായത്.

5000ത്തിൽപരം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നതും തെക്കൻ കേരളത്തിലെ മത്സ്യബന്ധന വിപണന മേഖലകളിൽ ഒന്നുമായിരുന്ന പൊഴിയൂർ അനുദിനം തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കവെയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര നടപടിയുണ്ടായത്. പൊഴിയൂരിലെ തെക്കേകൊല്ലങ്കോട്, പരുത്തിയൂർ എം മേഖലകളിലെ ആയിരകണക്കിന് കുടുംബങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് പദ്ധതി. പുലിമുട്ട് നിർമ്മാണത്തിന്റെ ഉദ്‌ഘാടനം 22ന് മുഖ്യമന്ത്രി നിർവഹിക്കും.

നാശനഷ്ടങ്ങളേറെ

നാല് വർഷങ്ങൾക്ക് മുൻപ് തമിഴ്നാട് സർക്കാർ നിർമ്മിച്ച അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണ് കേരളത്തിലെ തീരശോഷണത്തിനും മറ്റ് നാശങ്ങൾക്കും കാരണമായത്. ശക്തമായ കടലാക്രമണം കാരണം നൂറ് മീറ്ററോളം തീരം കടലെടുത്തു.

പ്രദേശത്തെ രണ്ട് മേഖലകളിലായി നൂറുകണക്കിന് വീടുകൾ തകർന്നു. നിരവധി വള്ളങ്ങളും വലകളും ഉൾപ്പെടെ മത്സ്യബന്ധന വസ്തുക്കൾ നശിച്ചു.

കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരദേശങ്ങളെ ബന്ധിപ്പിക്കുന്ന അതിർത്തിയിലെ റോഡ് പൂർണ്ണമായും തകർന്ന് ഗതാഗതം തടസപ്പെട്ടു.

ഓഖി ദുരന്തത്തിന്റെ സ്മാരകമായി നിർമ്മിച്ച ഓഖി പാർക്കും മത്സ്യബന്ധനത്തിനായുള്ള വലകൾ സംരക്ഷിക്കുന്നതിയി നിർമ്മിച്ചിരുന്ന കെട്ടിടവും തകർന്നു.

കടലാക്രമണം പതിവ്

മത്സ്യബന്ധനത്തിനായുള്ള വള്ളങ്ങൾ സൂക്ഷിക്കാനാകാതായതോടെ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ മറ്റ് മേഖലകളിലേക്കെത്തിക്കേണ്ടിവന്നു. കടലാക്രമണവും തീരശോഷണവും പതിവായതിനാൽ പലരും തീരം വിട്ട് മറ്റ് മേഖലകൾ തേടിപ്പോയി.വീടുകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകിയെങ്കിലും ഇനിയും നിരവധിപേർക്ക് വീടുകൾ ലഭിക്കാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL