
പാലോട്: പെരിങ്ങമ്മല ഗ്രാമം ഫാം ഫെസ്റ്റിനായി ഒരുങ്ങുന്നു. 10 മുതൽ 15വരെയാണ് ഈ വർഷത്തെ ഫാം ഫെസ്റ്റ്. രണ്ടേക്കറിൽ 24,000ത്തിലധികം സൂര്യകാന്തി ചെടികളാണ് ഒരുക്കിയിട്ടുള്ളത്. ഫോട്ടോയെടുക്കാൻ ഒന്നിലധികം സെൽഫി കോർണറുകളും റെഡിയാക്കി. സൂര്യസ്മിതം പാടത്തോട് ചേർന്ന് മുപ്പതടി ഉയരത്തിൽ ഒരു പാറയിൽ കാട്ടുകമ്പുകളും തടികളും കൊണ്ട് പാലമുണ്ടാക്കി, വിശ്രമസ്ഥാനത്തിനും മുകളിൽ നിന്ന് പാടം കാണാൻ കാട്ടുകുടിലും ക്രമീകരിച്ചിട്ടുണ്ട്. ഇതിന് മുകളിൽ കയറി നോക്കിയാൽ സൂര്യസ്മിതം കൃഷി പാർക്ക് മേള കാണാം.
പാടത്തോട് ചേർന്ന് സന്ദർശകർക്ക് വിശ്രമിക്കാനും പ്രകൃതി കാഴ്ച കാണാനും പ്രത്യേക പരിസ്ഥിതി സൗഹൃദ ഇരിപ്പിടങ്ങളും നാട്ടുമധുര ഭക്ഷണത്തിനായി,മണ്ണമൃത്,കൃഷിമധുരം, അമ്മമാധുര്യം,കടയും ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഉല്ലാസത്തിനായി ഓണം കോർണർ, ഊഞ്ഞാൽ പാർക്ക് ഉൾപ്പെടെ ഒരുക്കുന്നുണ്ട്. ഫാം കൃഷി അസിസ്റ്റന്റും ഫൈൻ ആർട്സ് ബിരുദധാരിയുമായ നിബു.എ.എൻ ആണ് സൂര്യസ്മിതം പ്രകൃതി പാർക്ക് ക്രമീകരിച്ചത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.ഷൈജുവിന്റെ നേതൃത്വത്തിൽ ഫാം ഫെസ്റ്റ് കളറാക്കാൻ കാർഷിക സെമിനാറുകൾ,ഗാനമേള,വനിതാ തിയേറ്റർ നാടകം,കുട്ടികളുടെ കൃഷിഫാംശാല,അന്താരാഷ്ട്ര വനിതാ കർഷക വർഷം മുൻനിറുത്തി വനിതാ കർഷക സംഗമം,ആൽത്തറയരങ്ങ് കാർഷിക ചർച്ച, ഫാം ജീവനക്കാരുടെ വിവിധ കാർഷിക വിനോദങ്ങൾ എന്നിവയും ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്. എല്ലാത്തരം നടീൽ വസ്തുക്കളും വാങ്ങാൻ പ്രത്യേകം കാർഷിക കോർണറുകളുമുണ്ട്.
സന്ദർശകർക്ക് ഫാം ചുറ്റി കാണാൻ പ്രത്യേകം ജീപ്പുകളുമൊരുക്കി. 2025ൽ നടന്ന ഒന്നാം ഫാം ഫെസ്റ്റിൽ പതിനായിരക്കണക്കിനാളുകളാണ് എത്തിയിരുന്നത്. തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ പശ്ചിമഘട്ട മലനിരകളുടെ ഒരു ജൈവസുന്ദര പ്രകൃതിയിടം കൂടിയാണ് ജില്ലാ കൃഷിത്തോട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |