കൊച്ചി: മട്ടാഞ്ചേരിയിൽ രണ്ടുകോടിരൂപ വിലമതിക്കുന്ന രണ്ടുകിലോ എം.ഡി.എം.എ പിടികൂടിയ കേസ് പ്രത്യേകസംഘം അന്വേഷിക്കും. സംഭവത്തിൽ അറസ്റ്റിലായ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചെന്നാലിപ്പറമ്പ് താഴകത്തുവീട്ടിൽ ടി. സഫീർ (33), മട്ടാഞ്ചേരി പുതിയറോഡിൽ നൗഫൽ (32) എന്നിവർക്ക് പിന്നിൽ വൻ ലഹരിമരുന്ന് സംഘമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. പ്രതികൾക്ക് രാസലഹരി വാങ്ങാനുള്ള പണം നൽകിയത് ഈ സംഘമാണെന്നാണ് പൊലീസ് നിഗമനം.
ഡൽഹിയിലെ ആഫ്രിക്കൻ വംശജരാണ് പ്രതികൾക്ക് എം.ഡി.എം.എ എത്തിച്ചുനൽകുന്നത്. പണം ലഭിച്ചാൽ ആവശ്യപ്പെടുന്ന അളവിൽ ട്രെയിനിൽ കേരളത്തിലേക്ക് കടത്തുകയാണ് പതിവ്. ഏതാനും വർഷങ്ങളായി പ്രതികൾ ലഹരി ഇടപാട് നടത്തിവരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നതിനൊപ്പം ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും.
കഴിഞ്ഞദിവസം പാലാരിവട്ടം കറുപ്പത്ത് ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഒരു ഗ്രാം എം.ഡി.എം.എയുമായി സഫീർ പിടിയിലായതോടെയാണ് ലഹരിക്കടത്തിന്റെ ചുരുളഴിയുന്നത്. ഇയാളെ ചോദ്യംചെയ്തതോടെയാണ് ലഹരി ശൃംഖലയുടെ സൂത്രധാരൻ നൗഫലാണെന്ന് വ്യക്തമായത്. ഡാൻസാഫ് സംഘം നൗഫലിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും 14 ഗ്രാം എം.ഡി.എം.എ മാത്രമാണ് കണ്ടെത്താനായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നൗഫൽ വാടകയ്‌ക്കെടുത്ത ഓൺലൈൻ ടാക്‌സി കാറിനെക്കുറിച്ച് വിവരം ലഭിച്ചത്.
ഈ കാറിൽ നടത്തിയ പരിശോധനയിലാണ് എയർ കൂളറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കിലോ എം.ഡി.എം.എ കണ്ടെത്തിയത്. മട്ടാഞ്ചേരി അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള ടീമാണ് കേസ് അന്വേഷിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |