
കല്ലറ: ചരിത്രമുറങ്ങുന്ന പാങ്ങോട് പഴയ പൊലീസ് സ്റ്റേഷൻ സംരക്ഷിച്ച് ചരിത്ര സ്മാരകമാക്കണം എന്നാവശ്യം ശക്തം.സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള കല്ലറ - പാങ്ങോട് സമരത്തിന്റെ സ്മാരകമായ നിലകൊള്ളുന്ന പഴയ പൊലീസ് സ്റ്റേഷൻ മന്ദിരം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്.
1938 മാർച്ച് 28ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രഖ്യാപിച്ച നികുതി നിഷേധത്തെ തുടർന്നാണ് കല്ലറ പാങ്ങോട് സമരം നടന്നത്.ദിവാൻ സി.പിക്ക് എതിരെ പ്രക്ഷോഭം നടക്കുന്ന സമയം നികുതി നൽകാതിരുന്ന കർഷകരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു.തുടർന്ന് പാങ്ങോട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചു.ഇതിൽ പ്രതിഷേധിച്ച് നടന്ന ലഹളയിൽ സ്റ്റേഷന് മുന്നിൽ രണ്ടുപേർ വെടിയേറ്റ് മരിച്ചു.ഇവർക്ക് നാട്ടുകാർ അന്ത്യവിശ്രമം ഒരുക്കിയത് പൊലീസ് സ്റ്റേഷൻ മുന്നിൽ തന്നെയാണ്.കാലങ്ങൾ കഴിഞ്ഞ് പാങ്ങോട് പൊലീസിന് പുതിയ കെട്ടിടം വന്നപ്പോഴും പഴയ കെട്ടിടം ചരിത്ര സ്‌മാരകമായി നിലനിറുത്തി.
എല്ലാവർഷവും ഇവിടെ വിവിധ സംഘടനകളുടെയും വകുപ്പുകളുടെയും നേതൃത്വത്തിൽ രക്തസാക്ഷി ദിനാചരണം നടക്കും.പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ചരിത്ര സ്മാരകമായി ഏറ്റെടുക്കണമെന്നാവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
ഭിത്തിയും മേൽക്കൂരയും ജീർണാവസ്ഥയിലാണ്.സ്വാതന്ത്ര്യസമര പോരാളികളെ അടച്ചിരുന്ന സെൽ ഭാഗവും നശിച്ചു.സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളിൽ ഒന്നായി കല്ലറ പാങ്ങോട് സമരവും ചേർക്കപ്പെട്ടിട്ടുണ്ട്.
കല്ലറയിൽ നടന്ന കർഷകസമരത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർ രണ്ടുപേരെ പിടികൂടി തൂക്കിലേറ്റിയ ചരിത്രവും ഇതിനോടൊപ്പമുണ്ട്.കല്ലറ - പാങ്ങോട് സ്വാതന്ത്ര്യസമരത്തിന്റെ സ്മാരകമായി നിലകൊള്ളുന്ന പാങ്ങോട് പഴയ പൊലീസ് സ്റ്റേഷൻ ചരിത്ര സ്മാരകമായി ഏറ്റെടുത്ത് സ്വാതന്ത്ര്യ സമര പോരാളികൾക്ക് അർഹിച്ച ആദരം നൽകാൻ അധികൃതർ തയ്യാറാവണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |