മലപ്പുറം: ജില്ലയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ ഉണ്ടായത് 2,679 വാഹനാപകടങ്ങൾ. ഇതിൽ പരിക്കേറ്റ 3,125 പേരിൽ 1,434 പേർ ഇരുചക്ര വാഹന യാത്രക്കാരാണ്. 133 പേർ ഓട്ടോ യാത്രികരായിരുന്നു. 183 പേർ കാർ യാത്രികരാണ്. 214 പേർ മരണപ്പെട്ടു. സംസ്ഥാനത്ത് കൂടുതലും ഇരുചക്ര വാഹന യാത്രികരെയാണ് അപകടങ്ങൾ വിടാതെ പിന്തുടരുന്നത്.
ആകെ അപകടങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാരുടെ പിഴവ് കാരണം സംഭവിച്ചത് 923 അപകടങ്ങളാണ്. കാർ, ഓട്ടോ ഡ്രൈവർമാരുടെ പിഴവ് മൂലം സംഭവിച്ചത് യഥാക്രമം 818, 356 അപകടങ്ങളാണ്. പ്രാദേശിക റോഡുകളിൽ 1,692 അപകടങ്ങളുണ്ടായി. സംസ്ഥാന പാതകളിൽ 558 അപകടങ്ങളും ദേശീയപാതയിൽ 429 അപകടങ്ങളുമുണ്ടായി. പരിക്കേറ്റവരിൽ 994 പേർ 50ന് മുകളിലുള്ളവരാണ്. 17ന് താഴെയുള്ളവർ 327 പേർക്ക് പരുക്കേറ്റു. 18-30 പ്രായപരിധിയിൽ 902 പേർക്കും 30-40 വിഭാഗത്തിൽ 548 പേർക്കും 40-50 വിഭാഗത്തിൽ 519 പേർക്കും പരിക്കേറ്റു.
അമിതവേഗത, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, തെറ്റായ ദിശയിൽ വാഹനമോടിക്കുക എന്നിവയാണ് അപകടത്തിന്റെ പ്രധാന കാരണങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ വരവോടെ ജനങ്ങളിൽ ഹെൽമെറ്റ് ധരിക്കുക എന്നത് ശീലമായി മാറിക്കഴിഞ്ഞത് അപകടങ്ങളുടെ തീവ്രത കുറയ്ക്കാൻ കാരണമായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
ആവേശം നിരത്തിൽ വേണ്ട
ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നതും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും അപകടം വിളിച്ച് വരുത്തുന്നു.
ബൈക്കിൽ അൾട്രേഷൻ നടത്തുന്നതിൽ മുന്നിൽ കുട്ടി ഡ്രൈവർമാരാണ്.
ബൈക്കിലെ രണ്ട് മിററുകളും അഴിച്ചു മാറ്റിയും വലിയ ശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചും അടക്കം നിരത്തിൽ ചീറിപ്പായുന്നവരുണ്ട്.
ആകെ അപകടം - 2,679
പരിക്കേറ്റവർ- 3,125
മരണപ്പെട്ടവർ- 214
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |