തിരുവനന്തപുരം: പെരിന്തൽമണ്ണ സബ് കളക്ടറും കോഴിക്കോട് അസി.കളക്ടറുമായി പ്രവർത്തിച്ചതിന്റെ ഊർജത്തിൽ തലസ്ഥാന ജില്ലയുടെ ഭരണസാരഥ്യം ഏറ്റെടുക്കാനൊരുങ്ങുകയാണ് പാലക്കാട് സ്വദേശിയായ നിയുക്ത ജില്ലാ കളക്ടർ അഞ്ജു കെ.എസ്. 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ അഞ്ജു, എൻജിനിയറിംഗ് പൂർത്തിയാക്കിയ ശേഷമാണ് ഐ.എ.എസിലേക്കെത്തിയത്. 23ന് ചുമതലയേറ്റെടുക്കാനിരിക്കെ പുതിയ സ്ഥാനലബ്ധിയിൽ 'കേരളകൗമുദി'യുമായി സംസാരിച്ചപ്പോൾ...
? തലസ്ഥാന ജില്ലയുടെ കളക്ടർ
പദവി എങ്ങനെ കാണുന്നു
വളരെ പ്രതീക്ഷയുണ്ട്. തിരുവനന്തപുരം എന്റെ ഇഷ്ടസ്ഥലമാണ്. പാലക്കാടാണ് സ്വദേശമെങ്കിലും വിവിധ ചുമതകൾ വഹിച്ച് സർവീസിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ചത് ഇവിടെയാണ്. നല്ല ജനങ്ങളാണ് ഇവിടെയുള്ളത്. നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ജനങ്ങളുടെ ഏത് ആവശ്യത്തിനും എപ്പോഴും കൂടെയുണ്ടാകും.
? ഇതുവരെയുള്ള ചുമതലകൾ
= രണ്ടുവർഷം പെരിന്തൽമണ്ണ സബ്കളക്ടറായും ഒരുവർഷം കോഴിക്കോട് അസി.കളക്ടറായി. തലസ്ഥാനത്തെത്തിയ ശേഷം കൃഷിവകുപ്പ് ഡയറക്ടറായും പിന്നീട് എസ്.സി ഡയറക്ടറായും ജോലിചെയ്തു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുന്നതിനിടെയാണ് രണ്ടരമാസം ലോട്ടറി ഡയറക്ടറാകുന്നത്.
? പ്രഥമ പരിഗണന എന്തിനാണ്
സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനാണ് പ്രഥമ പരിഗണന. എല്ലാ പദവിയിലിരിക്കുമ്പോഴും ഇതുചെയ്യാനാകുമെങ്കിലും കളക്ടറാകുമ്പോൾ ജനങ്ങളുമായി നേരിട്ടുള്ള ബന്ധമാണ് ലഭിക്കുന്നത്. പരമാവധി എല്ലാവർക്കും നീതിയുക്തമായ സേവനം നൽകുകയാണ് ലക്ഷ്യം.
? ജില്ലയെക്കുറിച്ച് കാഴ്ചപ്പാടുണ്ടോ
ഇതുവരെ വിവിധ വകുപ്പുകളിൽ ലഭിച്ച ചുമതലകൾ സംസ്ഥാനത്തിന്റെ ആകെയുള്ള പ്രവർത്തനമായിരുന്നു. അതിനാൽ തലസ്ഥാന ജില്ലയിലാണ് താമസമെങ്കിലും ഇവിടത്തെ പ്രശ്‌നങ്ങളെക്കുറിച്ച് പൂർണമായി മനസിലാക്കാനായിട്ടില്ല. കളക്ടറായി ചുമതല ഏറ്റെടുത്ത ശേഷം, നന്നായി അത് നിർവഹിക്കാനാണ് ആഗ്രഹിക്കുന്നത്. എത്ര തിരക്കുണ്ടായാലും ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്ക് എപ്പോഴും ഒപ്പമുണ്ടാകും.
?കുടുംബത്തെക്കുറിച്ച്
= ഭർത്താവ് ഡോ.നവറോഷ്,തിരുവനന്തപുരത്ത് ഒഫ്ത്താൽമോളജിസ്റ്റാണ്. മകൻ അഥർവിന് രണ്ടു വയസുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |