
നെടുമങ്ങാട്: പൈപ്പ് ചോർച്ചയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട്, നഗരമദ്ധ്യത്തെ തിരക്കേറിയ കുളവിക്കോണം ജംഗ്‌ഷനിൽ പൊല്ലാപ്പാകുന്നു.കാൽനടയാത്രക്കാർ വെള്ളക്കെട്ടൊഴിഞ്ഞ് റോഡിന് നടുവിലൂടെ സഞ്ചരിക്കുന്നത് വൻ അപകടങ്ങൾക്കാണ് ഇടയാക്കുന്നത്.വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ വെള്ളം യാത്രക്കാരുടെ മേൽ പതിക്കുന്നതും ദുരിതം ഇരട്ടിപ്പിക്കുന്നു.
ആര്യനാട്,കാട്ടാക്കട പ്രധാന റോഡിൽ സ്റ്റാർ ഹാർഡ് വെയറിന് മുന്നിൽ ഒരാഴ്ചയായി തുടരുന്ന പൈപ്പ് ചോർച്ചയാണ് കുളവിക്കോണം ബസ് സ്റ്റോപ്പിനും മഹാദേവ ജ്യോതിഷാലയത്തിനും ഇടയിൽ വലിയ വെള്ളക്കെട്ടായി മാറിയത്. വിളിപ്പാടകലെ മഞ്ചയിൽ സ്ഥിതിചെയ്യുന്ന വാട്ടർ അതോറിട്ടി ഓഫീസിൽ പലവട്ടം പരാതിപ്പെട്ടിട്ടും ലൈനിൽ അറ്റകുറ്റപ്പണി നടത്തി ചോർച്ച പരിഹരിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി.
നെട്ടിറച്ചിറ,മുക്കോലയ്ക്കൽ ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് കുളവിക്കോണത്ത് ചോർന്നൊഴുകുന്നത്.ഈ ലൈനിൽ ശുദ്ധജലത്തിനായി സ്ഥലവാസികൾ പരക്കം പായുമ്പോഴാണ് ദുരവസ്ഥ.പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അടിയന്തര നടപടി സ്വീകരിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകുമെന്നുമാണ് വാട്ടർ അതോറിട്ടി നെടുമങ്ങാട് എക്സി.എൻജിനിയറുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |