പൂവാർ: തീരദേശത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പൂവാർ, കരുംകുളം,കോട്ടുകാൽ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളാണ് തെരുവ് നായ്ക്കൾ കൈയടക്കിയിരിക്കുന്നത്. പൂവാറിലെ ഗോൾഡൻ ബീച്ച്,ഇ.എം.എസ് കോളനി,വരവിളത്തോപ്പ്,എരിക്കലുവിള,പാമ്പുകാല,കരുംകുളം, ചെമ്പകരാമൻതുറ,അമ്പലത്തുമൂല അടിമലത്തുറ പ്രദേശങ്ങളിൽ ശല്യം രൂക്ഷമാണ്.
തെരുവ് നായ്ക്കൾ കാരണം തീരപ്രദേശത്ത് രൂക്ഷമായ പ്രതിസന്ധി ഉടലെടുത്തിട്ടും ഫലപ്രഥമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർക്കാകുന്നില്ല.
വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് അസുഖങ്ങൾ പിടിപെടുമ്പോൾ അവയെ ഉപേക്ഷിക്കുന്നത് പതിവാണ്. ആക്രമണകാരികളായ നായ്ക്കളിൽ പലതും വീട്ടുകാരെ കടിച്ച ശേഷം പുറത്തിറങ്ങി നാട്ടുകാരെയും ആക്രമിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരും ജനപ്രതിനിധികളും പറയുന്നു. വളർത്ത് നായ്ക്കൾക്ക് ലൈസൻ ഇല്ലാത്തതിനാൽ ഇവയെ തിരിച്ചറിയാൻ കഴിയാറില്ലാത്തതും പ്രതിരോധത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
എ.ബി.സി പദ്ധതി നടപ്പായില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൻ കുടുംബശ്രീകൾ വഴി നടപ്പാക്കി വന്നിരുന്ന എ.ബി.സി (അനിമൽ ബർത്ത് കൺട്രോളിംഗ്) പദ്ധതി നിന്നുപോയതും തീരത്ത് അറവ് മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത് നിയന്ത്രിക്കാൻ അധികൃതർക്കാകാത്തതും തീരദേശത്ത് തെരുവ് നായ്ക്കൾ നാൾക്കുനാൾ വർദ്ധിക്കുന്നതിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
ആക്രമണം രൂക്ഷം
അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ശിലുവമ്മയെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് കടിച്ചുകീറി കൊന്നത്. 2019ൽ പൂവാറിലെ വരവിളത്തോപ്പ്, എരിക്കലുവിള ഭാഗത്ത് 15ഓളം പേരെ തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു.പൂവാർ,പുല്ലുവിള ഗവ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മാസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും നാലും അഞ്ചും പേർക്ക് കടിയേറ്റതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കഴിഞ്ഞ വർഷം പൂവാറിലെ പാമ്പുകാലയിൽ 25ഓളം പേരും കരുംകുളത്ത് രണ്ട് ദിവസങ്ങളിലായി 9 പേരുമാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് വിധേയരായത്.
അടിമലത്തുറയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ തിരുവുനായയുടെ കടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ ചികിത്സ തേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |