SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.15 AM IST

സിംഹങ്ങളില്ലാത്ത നെയ്യാർ ലയൺസഫാരി പാർക്ക്

neyyar

കാട്ടാക്കട: രാജ്യത്തെ ആദ്യ ലയൺസഫാരി പാർക്കെന്ന പേരുകേട്ട നെയ്യാർ ഡാം വന്യജീവിസങ്കേതത്തിലെ ലയൺസഫാരി പാർക്കിൽ സിംഹം എന്നത് പേരിൽ മാത്രമേ ഉള്ളു. 2021ൽ പാർക്കിലുണ്ടായിരുന്ന അവസാനത്തെ സിംഹവും ചത്തതിന് ശേഷം 2022ഓടെ പാർക്കിന് പൂട്ടുംവീണു. ഇവുടുത്തെ പാർക്കിൽതന്നെ ജനിച്ചുവളർന്ന 20 വയസ്സുള്ള ബിന്ദുവെന്ന പെൺ സിംഹമായിരുന്നു അവസാനത്തേത്.

1984ൽ തൃശൂർ മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന സങ്കരയിനത്തിൽപ്പെട്ട ഒരാണും മൂന്നു പെൺസിംഹങ്ങളുമായാണ് നെയ്യാർ ലയൺസഫാരി പാർക്ക് ആരംഭിച്ചത്. മൂന്നുവശങ്ങളും നെയ്യാർ റിസർവോയറിനാൽ ചുറ്റപ്പെട്ട 10 ഏക്കർ വിസ്തീർണമുള്ള ഈ ഉപദ്വീപിനുചുറ്റും 6 മീറ്ററോളം ഉയരത്തിൽ 1.3 കിലോമീറ്റർ നീളത്തിൽ ഇരുമ്പു സംരക്ഷണവേലിയുമുണ്ട്. കാട്ടിൽ സ്വതന്ത്രരായി വിഹരിക്കുന്ന സിംഹങ്ങളെ അടച്ചുപൂട്ടിയ ബസുകളിലിരുന്ന് സന്ദർശകർക്ക് കാണാം എന്നതായിരുന്നു ഇവിടുത്തെ പ്രത്യേകത. മൃഗശാലകളിൽനിന്ന് വേറിട്ട തരത്തിലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സഫാരി പാർക്കായി വിഭാവനം ചെയ്തത്. 1985 ജനുവരിയിൽ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്ത പാർക്ക് ബാലാരിഷ്ടതകളിൽ ആദ്യം പൂട്ടിപ്പോയി. പക്ഷേ, 1992ൽ പുനരാരംഭിച്ചതോടെ വൻ വിജയമായിത്തീർന്നിരുന്നു.

പാർക്ക് ആരംഭിച്ചത്........ 1984ൽ

 പൂട്ട് വീണത്........ 2022ൽ

 എണ്ണവും കുറഞ്ഞു

പാർക്ക് രണ്ടാമത് പ്രവർത്തനം ആരംഭിച്ചതോടെ സിംഹങ്ങൾ പെറ്റുപെരുകി. കേന്ദ്ര മൃഗശാല അതോറിട്ടിയുടെ നിർദ്ദേശാനുസരണം 3 ആൺ സിംഹങ്ങളെയും വന്ധ്യംകരണം ചെയ്തു. എന്നാൽ സിംഹങ്ങൾ ഓരോന്നായി ചത്തൊടുങ്ങിയതോടെ എണ്ണവും കുറഞ്ഞു. ഇതോടെ 2019ൽ ഗുജറാത്തിലെ സക്കർബാഗ് മൃഗശാലയിൽനിന്ന് ഏഷ്യൻ ഇനത്തിൽപ്പെട്ട നാഗരാജിനെയും രാധയെയും കൊണ്ടുവന്നു. തിരുവനന്തപുരം മൃഗശാലയിൽ നിരീക്ഷണത്തിലിരിക്കെ ഒരു മാസത്തിനകം രാധ ചത്തു. നാഗരാജനെ നെയ്യാറിലെ ലയൺസഫാരി പാർക്കിലേക്ക് മാറ്റിയെങ്കിലും അതും വൈകാതെ ചത്തു.

 പുതുക്കാതെ ലൈസൻസ്

2024 മുതൽ പുതിയ സിംഹങ്ങളെയെത്തിച്ച് പാർക്ക് തുറക്കാൻ ശ്രമങ്ങൾ വീണ്ടും. തുടങ്ങി. എന്നാൽ ദേശീയ സൂ അതോറിട്ടി ഇതേവരെ പാർക്കിന് ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. അതോറിട്ടിയുടെ നിബന്ധനപ്രകാരം വലിയ മാംസഭുക്കുകളുടെ സഫാരി നടത്തുന്നതിന് പാർക്കിന് ഏറ്റവും കുറഞ്ഞ വിസ്തീർണം 20 ഹെക്ടറാണ്. നിലവിൽ നെയ്യാറിലെ പാർക്കിന് 10 ഹെക്ടർ വിസ്തൃതിയാണുള്ളത്. അതാണ് പാർക്ക് പൂട്ടാൻ കാരണമായത്.

 പാർക്കിലേക്ക് വീണ്ടും സിംഹങ്ങളെ കൊണ്ടുവരാനും പാർക്ക് തുറക്കുന്നതിനും നടപടി ആവശ്യപ്പെട്ട് സി.കെ. ഹരീന്ദ്രൻ എം.എൽ.എ കേന്ദ്ര വനംമന്ത്രിക്ക് 2024ൽ നിവേദനം നൽകി. പക്ഷേ, നടപടികൾ അനന്തമായി നീളുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL