
നെയ്യാറ്റിൻകര: കഴിഞ്ഞ നഗരസഭ ഭരണസമിതി ഏറെ കൊട്ടിഘോഷിച്ച് നിർമ്മാണം ആരംഭിച്ച പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം പാതിവഴിയിൽ. എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വീണ്ടുമെത്തി ഒരു വർഷമാകാറായിട്ടും ഇതുവരെ ബാക്കി നിർമ്മാണങ്ങൾ പുനഃരാരംഭിക്കാനായിട്ടില്ല.
നെയ്യാറ്റിൻകരയിൽ നിന്ന് പുന്നക്കാട്ടേക്കും കാട്ടാക്കടയിലേക്കും പോകുന്ന ഇരു റോഡിന്റെയും മദ്ധ്യഭാഗത്തുള്ള പഴയ കെട്ടിടങ്ങൾ കോംപ്ളക്സ് പണിയാനായി പൊളിച്ച് നീക്കിയെങ്കിലും നിർമ്മാണപ്രവർത്തനം ജലരേഖയായി മാറി. മുൻ ഭരണസമിതി പാർക്കിനും ഓപ്പൺ ഓഡിറ്റോറിയത്തിനുമിടയിലായി നിർമ്മിക്കാനായി ഒരുക്കിയ റോഡും ഗതാഗത യോഗ്യമല്ലാതായി.
നഷ്ടപരിഹാരവും അനുവദിച്ചിരുന്നു
ഇപ്പോഴത്തെ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ.ഹീബ പത്തുവർഷം മുമ്പ് ചെയർപേഴ്‌സണായിരുന്നപ്പോഴാണ് പെരുമ്പഴുതൂർ ജംഗ്ഷൻ വികസിപ്പിക്കാനായി ആദ്യ നടപടി തുടങ്ങിയത്. വികസിപ്പിക്കാനായി ഒഴിപ്പിക്കേണ്ട ഭൂവുടമകൾക്കും കട ഉടമകൾക്കും നഷ്ടപരിഹാരം നൽകാനുള്ള പണം അക്കാലത്ത് അനുവദിച്ചിരുന്നു. പിന്നീട്‌വന്ന പി.കെ.രാജ്മോഹനൻ ചെയർമാനായുള്ള ഭരണസമിതിയാണ് പെരുമ്പഴുതൂരിലെ വ്യാപാരികളെ ഒഴിപ്പിച്ച് ഓപ്പൺപാർക്കും പൂന്തോട്ടവും ഇവയ്ക്ക് രണ്ടിനുമിടയിലായുള്ള സ്ഥലത്ത് കളത്തുവിളയിൽനിന്ന് അരുവിപ്പുറം റോഡുമായി ബന്ധിപ്പിക്കാനുള്ള റോഡ് നിർമ്മാണ പദ്ധതിയും കൊണ്ടുവന്നത്.
നടപടി ഇനിയുമില്ല
കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് ഓപ്പൺ ഓഡിറ്റോറിയം തുറന്നുകൊടുത്തു.
എന്നാൽ, കളത്തുവിള-അരുവിപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന റോഡ് നിർമ്മിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, പൂന്തോട്ടം നിർമ്മിക്കാനുള്ള സ്ഥലത്ത് കോൺക്രീറ്റ് കൊണ്ടുള്ള പൊക്കംകുറഞ്ഞ മതിൽ നിർമ്മിക്കുക മാത്രമാണ് ചെയ്തത്. തുടർന്ന് നഗരസഭയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽത്തന്നെ ഭരണസമിതി വന്നെങ്കിലും ഇതുവരെ ബാക്കി പണികൾക്കുള്ള നടപടി ആരംഭിച്ചിട്ടില്ല.
ബസ് ബേയ്ക്കും പദ്ധതി
കളത്തുവിളയിൽനിന്ന് വാഹനങ്ങൾക്ക് കാട്ടാക്കടയിലേക്കോ അരുവിപ്പുറത്തേക്കോ പോകാനുള്ള ബുദ്ധിമുട്ടാണ് പെരുമ്പഴുതൂർ ജംഗ്ഷൻ വികസിപ്പിക്കാനുള്ള പ്രധാന കാരണം.
കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരാണ് കൂടുതലും ദുരിതം അനുഭവിച്ചത്. ഇതിനു പരിഹാരം കാണാനാണ് കളത്തുവിളയിൽനിന്നു വരുന്ന ബസുകൾക്ക് അരുവിപ്പുറം റോഡിലേക്കു നേരിട്ടുകടക്കാനായി പാർക്കിനും ഓപ്പൺ ഓഡിറ്റോറിയത്തിനുമിടയിലായി പുതിയ പാത ഒരുക്കിയത്.
നെയ്യാറ്റിൻകരയിൽനിന്ന് കാട്ടാക്കടയിലേക്കു പോകുന്ന ബസുകൾക്ക് ബേ ഒരുക്കാനും കഴിഞ്ഞിട്ടില്ല.
പെരുമ്പഴുതൂരിൽനിന്ന് ബസ് കയറാൻ ബസ് ഷെൽട്ടറും ഇതേ വരെ നിർമ്മിച്ചിട്ടില്ല.
നെയ്യാറ്റിൻകരയിലേക്ക് പോകുന്ന യാത്രക്കാരും പൊരിവെയിലത്ത് കടവരാന്തയിൽ കയറി നിൽക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |