
മാള: എറണാകുളത്തുനിന്ന് മോഷ്ടിച്ച ബൈക്കുമായി മാളയിൽ കറങ്ങുന്നതിനിടെ യുവാവ് മാള പൊലീസിന്റെ പിടിയിലായി. ചെറുവാളൂർ തളിയത്ത് വീട്ടിൽ ആഷിക്കിനെയാണ് (20) എസ്.എച്ച്.ഒ. വിശാഖ് കെ. വിശ്വവും സംഘവും പിടികൂടിയത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. പട്രോളിങ്ങിനിടെ ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ച യുവാവിനെ എസ്.എച്ച്.ഒ. ശ്രദ്ധിച്ചിരുന്നു. ജീപ്പിന് മുന്നിലൂടെ അപകടകരമായി വാഹനം ഓടിച്ചുപോയതോടെ വാഹനം നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് അതിവേഗത്തിൽ കടന്നുകളഞ്ഞു. തുടർന്ന് എസ്.എച്ച്.ഒ. മാള സ്റ്റേഷനിലേക്ക് വിവരം കൈമാറി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സ്റ്റേഷന് പുറത്തേക്കെത്തി ബൈക്കിന് കൈകാണിച്ചെങ്കിലും യുവാവ് നിറുത്തിയില്ല. ഏതാനും മീറ്റർ മുന്നോട്ടുപോയ ശേഷമാണ് പൊലീസുകാർ പ്രതിയുടെ പേര് ഉറക്കെ വിളിച്ചുപറഞ്ഞതോടെ പിടിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവാവ് വാഹനം നിറുത്തുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.ബി. വഹദ്, സിവിൽ പൊലീസ് ഓഫീസർമാരായ ജോയ് ഡെന്നീസ്, കെ.ആർ. ഷാരോൺ, ഹോം ഗാർഡ് പി.ടി. വിനോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. അന്വേഷണത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തെ പൂംകുടി മോട്ടോഴ്‌സിൽ നിന്ന് കഴിഞ്ഞ പത്തിന് മോഷണം പോയ ബൈക്കാണിതെന്ന് കണ്ടെത്തി. മാള സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷണക്കേസിലും ആഷിക്ക് പ്രതിയാണ്.ബൈക്കിന്റെ മുൻവശത്ത് രണ്ട് നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നതും പൊലീസിന്റെ സംശയത്തിന് ഇടയാക്കിയിരുന്നു. തുടർ അന്വേഷണത്തിനായി ആഷിക്കിനെ എളമക്കര പൊലീസിന് കൈമാറുമെന്ന് മാള പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |