SignIn
Kerala Kaumudi Online
Wednesday, 30 September 2026 4.13 AM IST

കലാ- സാംസ്കാരിക രംഗത്തെ സൂര്യതേജസ്

തിരുവനന്തപുരം: കേരളത്തിന്റെ കലാ- സാംസ്കാരിക രംഗത്തെ സൂര്യതേജസായിരുന്നു സൂര്യകൃഷ്ണമൂർത്തി. സംഗീത,​ നൃത്ത മേഖലകളിൽ പരിചിതമല്ലായിരുന്ന പല പ്രതിഭകളെയും നമുക്ക് അനുഭവവേദ്യമാക്കി തന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.

അഞ്ച് പതിറ്റാണ്ടായി മുടക്കമില്ലാതെ തലസ്ഥാന നഗരിയിൽ അരങ്ങേറിയിരുന്ന സൂര്യ ഫെസ്റ്രിവൽ എന്ന കലാമാമാങ്കത്തിന്റെ ആവിഷ്കർത്താവും സംഘാടകനുമെന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ ഖ്യാതി വാനോളം ഉയർന്നത്. ഏഷ്യയിലെ ഏറ്റവും ദീർഘിച്ച സാംസ്കാരിക വേദിയായി മാറിയ സൂര്യ ഫെസ്റ്രിവൽ, രാജ്യാതിർത്തിയും കടന്ന് മറ്രിടങ്ങിളിലേക്കും പടർന്നു കയറിയത് കലാപരവും സംഘാടനപരവുമായ ഔന്നത്യം ഒന്നുകൊണ്ട് മാത്രമാണ്. ലിംക ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ഈ ഉത്സവത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ വന്നുപോയി.

അമേരിക്കയിലെ സ്ഥിരതാമസത്തിന് മുൻപ് തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്രിവലിലെ പ്രധാന ഊഴക്കാരനായിരുന്നു ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസ്. ചലച്ചിത്രനടി ശോഭനയായിരുന്നു മറ്റൊരു പതിവ് സാന്നിദ്ധ്യം. കലാപരമായ പരീക്ഷണങ്ങളെ മുറുകെ പിടിച്ച് മുന്നേറി വിജയം വരിക്കുന്നത് സൂര്യകൃഷ്ണമൂർത്തിയുടെ ചര്യയായിരുന്നു. നാടകം, സിനിമ എന്നീ മേഖലകളിൽ പുതിയ പരിസരങ്ങൾ പ്രേക്ഷക ലോകത്തെ കാട്ടിത്തന്ന അദ്ദേഹത്തിന്റെ അത്ഭുതകരമായ മറ്റൊരു മേഖല ലൈറ്റ് ആൻഡ് സൗണ്ട് ഷോയായിരുന്നു. ഇങ്ങനെയൊരു ദൃശ്യപ്രപഞ്ചം കേരളത്തിന് പരിചയപ്പെടുത്തി തന്നതും വ്യത്യസ്ത ശരീരഭാഷയിലും വേഷവിധാനത്തിലും നമ്മെ അതിശയിപ്പിച്ചിരുന്ന സൂര്യകൃഷ്ണമൂർത്തിയാണ്.

അദ്ദേഹത്തിന്റെ സാമീപ്യം തന്നെ ഒരു കലോത്സവത്തിന്റെ പ്രതീതി ഉണർത്തുന്നതായി. തൈക്കാട്ടുള്ള ഗണേശത്തിൽ കലാസപര്യ നടത്തി നിർവൃതിയടഞ്ഞിട്ടുള്ള എത്രയോ കലാപ്രതിഭകൾ. കലയിൽ കച്ചവടത്തിന്റെ കണ്ണുപതിക്കാത്തതായിരുന്നു ആ കലാകാരന്റെ വലിയ മേന്മ. പെട്ടിയിൽ പണം വീഴില്ലെന്ന യാഥാർത്ഥ്യം മനസിലാക്കി തന്നെയാണ് അദ്ദേഹം പരീക്ഷണ നാടകങ്ങൾ വേദിയിൽ തുടർച്ചയായി എത്തിച്ചത്. ആസ്വാദകർക്ക് ലഭിക്കുന്ന തൃപ്തിയായിരുന്നു അദ്ദേഹത്തിന്റെ ലാഭം. ശാസ്ത്രീയ സംഗീതവുമായും വിഭിന്നങ്ങളായ നൃത്തരൂപങ്ങളുമായും സാധാരണജനങ്ങൾക്കുണ്ടായിരുന്ന ആസ്വാദനപരമായ അകലം കുറയ്ക്കാൻ അദ്ദേഹം സജ്ജമാക്കിയ വേദികൾ ഏറെ ഉപകരിച്ചു.

പരീക്ഷണത്തിനൊപ്പം ഭാവനയിൽ കോറിയിടുന്ന കലാ പദ്ധതികളായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിനുള്ള മറ്റൊരു ഘടകം. ഒരു കലാരൂപം ഏതു ഘട്ടത്തിൽ അവതരിപ്പിക്കണമെന്നും ആസ്വാദകമനസിൽ അതിന് ചലനമുണ്ടാക്കാൻ എത്രസമയ ദൈർഘ്യം വേണമെന്നതും അദ്ദേഹത്തിന് ഉത്തമബോദ്ധ്യമുണ്ടായിരുന്നു.

തലസ്ഥാനത്ത് ഏതൊരു കലാ, സാംസ്കാരിക മേള അരങ്ങേറുമ്പോഴും ഏതെങ്കിലുമൊരു ഭാഗത്തുണ്ടാവും സൂര്യാകൃഷ്ണമൂർത്തി എന്ന വേറിട്ട സാന്നിദ്ധ്യം. ഇനി അങ്ങനൊരു സാന്നിദ്ധ്യം ഉണ്ടാവില്ലെന്ന തിരിച്ചറിവിലാണ് ഈ വേർപാട് വിങ്ങലാവുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL