SignIn
Kerala Kaumudi Online
Saturday, 07 November 2026 10.22 PM IST

ചോറ്റാനി​ക്കര ക്ഷേത്രത്തി​ലെ കൊലപാതകം , ഉൾവിളിയെന്ന് ഇരട്ട സഹോദരിയുടെ മൊഴി​

j

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ യുവതിയെ കൊലപ്പെടുത്താൻ കാരണം ഉൾവിളിയെന്ന് ഇരട്ടസഹോദരി സജിത. തല ഭിത്തിയിലിടിച്ചും മുഖത്ത് വെള്ളമൊഴിച്ച് ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് ഇവർ പൊലീസിന് മൊഴി നൽകി.കണ്ണൂർ സ്വദേശിനി സബിതയാണ് (45) കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം മുറി​യി​ലുണ്ടായി​രുന്ന സഹോദരൻ സുധീർകുമാറി​ന്റെ (53) മൊഴി​യും വി​ചി​ത്രമാണ്. സഹോദരിമാർ തമ്മിലുണ്ടായ തർക്കത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും ഉറക്കത്തിലായിരുന്നെന്നുമാണ് ഇയാൾ പറഞ്ഞത്.

സബിതയുടെ ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനാണ് മൂവരും ഒക്ടോബർ 29ന് ചോറ്റാനി​ക്കരയി​ലെത്തി​യത്. ബുധനാഴ്ച രാവി​ലെ 7.45ഓടെ സബി​തയെ അബോധാവസ്ഥയി​ൽ കണ്ടെന്നുപറഞ്ഞ് സുധീർ സത്രം ഓഫീസിലെത്തി. തുടർന്ന് ചോറ്റാനി​ക്കര പൊലീസി​ൽ വിവരമറിയിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 9.45ന് മരണം സ്ഥിരീകരിച്ചു. കൊലപാതകവിവരം മറച്ചുവച്ചതിനും സംഭവശേഷം മുറിവൃത്തിയാക്കിയതി​നും സുധീർകുമാറിനെ അറസ്റ്റുചെയ്തു. നിലവിൽ കരുതൽ തടങ്കലി​ലാണ് ഇയാൾ. സജി​തയും സബി​​തയും മാനസികാസ്വാസ്ഥ്യത്തി​ന് ചി​കി​ത്സതേടി​യിരുന്നു. സഹോദരനും സമാനപ്രശ്നങ്ങളുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സബി​തയുടെ മൃതദേഹം കളമശേരി​ മെഡി​ക്കൽ കോളേജി​ൽ പോസ്റ്റുമോർട്ടത്തി​നുശേഷം ബന്ധുക്കൾക്ക് വി​ട്ടുനൽകി. കണ്ണൂർ കാഞ്ഞിരോട് കൂടാളി തളമുണ്ട കുറുവവീട്ടിൽ പരേതനായ കുറുവ കുഞ്ഞിക്കണ്ണന്റെയും തേമ്പാരി നളിനിയുടെയും മക്കളാണി​വർ. മൂന്നുസഹോദരങ്ങളുമുണ്ട്.

• സത്രത്തി​ൽ സി​.സി ടിവി​യി​ല്ല

കൊലപാതകം നടന്ന സത്രത്തി​ൽ ഒരു സി​.സി ടി​വി​ പോലുമി​ല്ല. കൃത്യമായ പരി​പാലനമോ സെക്യൂരി​റ്റി​യോ ഇല്ല. ദേവസ്വം അധി​കൃതരും​ ശ്രദ്ധി​ക്കാറി​ല്ല. 45 മുറി​കളി​ൽ പകുതിയും പൂട്ടി​ക്കി​ടക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA