
ബംഗളൂരു: ഭാര്യയേയും ആറ് കുടുംബാംഗങ്ങളെയും തലയ്ക്കടിച്ചുകൊന്ന് മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിലുപേക്ഷിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബംഗളൂരു ശ്രീരാംപുരയിലാണ് സംഭവം. 45 കാരനായ ഇന്ദുശേഖറാണ് പിടിയിലായത്. കുടുംബപ്രശ്നങ്ങളാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് വിവരം. ഇന്ദുശേഖറിന്റെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപവതി, ഭാര്യാസഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാർ (ഇരുവരുടെയും പേര് ദിവ്യ) ശങ്കറിന്റെ മകൻ പുനീത് (7) എന്നിവരാണ് കൊല്ലപ്പെട്ടത്. പുനീതിന്റെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.ബുധനാഴ്ച രാത്രിയാണ് സംഭവം. ഇന്ദുശേഖർ സുനിതയെ അരകല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചിക്കബല്ലാപ്പൂരിലെ നന്ദി ഹിൽസിന് സമീപം ഉപേക്ഷിച്ചു. സുനിത യാത്ര പോയിരിക്കുകയാണെന്നാണ് അയൽവാസികളോട് പറഞ്ഞത്. പിറ്റേദിവസം കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി അവരെയും അടിച്ചുകൊലപ്പെടുത്തി. മൃതദേഹങ്ങൾ കൊണ്ടുപോയ കാറ് പൊലീസിന് ലഭിച്ചു. മറ്റ് മൃതദേഹങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. 20 വർഷം മുമ്പാണ് ഇന്ദുശേഖറും സുനിതയും വിവാഹിതരാകുന്നത്. സുനിത മാതാപിതാക്കളുടെയടുത്ത് പോകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |