
ശിവഗിരി: ഗുരുദേവ ദർശനത്തിന്റെയും ആദ്ധ്യാത്മിക തേജസിന്റെയും പ്രഭാകേന്ദ്രമായി നിലകൊള്ളുന്ന ശിവഗിരി മഠത്തെയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിനെയും അടുത്ത അഞ്ചു വർഷം നയിക്കാൻ ഗുരുകടാക്ഷം ലഭിച്ചത് അനുഭവജ്ഞാനത്തിന്റെ പിൻബലമുള്ള സന്യാസിശ്രേഷ്ഠർക്കാണ്. നേരത്തെയും ട്രസ്റ്രിന്റെ പ്രധാന ചുമതലകൾ വഹിച്ചിട്ടുള്ളവരാണ് മൂവരും. പ്രത്യേകിച്ച് ട്രഷറർ സ്വാമി ശാരദാനന്ദയ്ക്ക് തുടർച്ചയായ മൂന്നാം ഊഴമാണ്.
സ്വാമി ഋതംഭരാനന്ദ (പ്രസിഡന്റ്)
1987ൽ ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ചേർന്നു. ഗുരുദേവന്റെ റിക്ഷ വലിക്കുന്നതിന് അപൂർവ ഭാഗ്യം സിദ്ധിച്ച സ്വാമി മാധവാനന്ദയിൽ നിന്ന് ബ്രഹ്മചര്യദീക്ഷ സ്വീകരിച്ച് ശ്രുതി ചൈതന്യയായി. ബ്രഹ്മവിദ്യാലയത്തിലെ പഠനശേഷം സന്യാസദീക്ഷ സ്വീകരിച്ചതോടെയാണ് ഋതംഭരാനന്ദയായത്. 1993ൽ ധർമ്മസംഘം ട്രസ്റ്റിൽ അംഗമായി. 2006 മുതൽ 2016 വരെയും 2021 മുതൽ 2022 വരെയും ധർമ്മസംഘം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ഇപ്പോൾ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻഹോസ്പിറ്റൽ, എസ്.എസ്.എൻ.എം.എം സ്‌കൂൾ ഒഫ് നഴ്സിംഗ്, കോളേജ് ഒഫ് നഴ്സിംഗ് എന്നിവയുടെ സെക്രട്ടറിയാണ്. ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്‌കൂൾ, വക്കം ശ്രീശാരദാവിദ്യാനികേതൻ എന്നിവയുടെ മാനേജരായും സേവനമനുഷ്ഠിക്കുന്നു.
ഗുരുധർമ്മ പ്രചാരണാർത്ഥം ഇന്ത്യയ്ക്കകത്തും പുറത്തും പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. പൊട്ടി ശ്രീരാമലു തെലുങ്കു യൂണിവേഴ്സിറ്റി ഹൈദരാബാദ്, ഒസ്മാനിയാ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ് സ്റ്റഡീസ് (സിംല) എന്നിവിടങ്ങളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ശ്രീനാരായണഗുരുവിന്റെ ജീവിതദർശനം" എന്ന ഗ്രന്ഥത്തിന്റെ കർത്താവുമാണ്. പ്രവാസിഭാരതി സ്പിരിച്വൽ എക്സലൻസ് അവാർഡ്, എസ്.എൻ.ഡി.പി യോഗം ഗുരുപ്രസാദം അവാർഡ്, അയ്യപ്പൻ മാസ്റ്റർ സ്മാരക അവാർഡ്, ടി.ആർ എഡ്യൂക്കേഷണൽ ട്രസ്റ്റ് ശ്രീനാരായണ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
സ്വാമി വിശുദ്ധാനന്ദ (ജനറൽ സെക്രട്ടറി)
1968ൽ ശിവഗിരിയിൽ വിദ്യാർത്ഥിയായി എത്തി. 1974 ൽ സന്യാസദീക്ഷ സ്വീകരിച്ചു. ധർമ്മസംഘം ട്രസ്റ്റിന്റെ മുൻപ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2019ൽ രാജ്യം പദ്മശ്രീ നൽകി. ഗുരുദേവന്റെ തപോഭൂമിയായിരുന്ന മരുത്വാമലയെ ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമാക്കി വികസിപ്പിക്കുന്നതിലും ശ്രീനാരായണ ഗുരു ഉപരിപഠനം നടത്തിയ ചേവണ്ണൂർ കളരി വീണ്ടെടുത്ത് ആധുനികവത്കരിക്കുന്നതിനും നേതൃത്വം നൽകി. 2016ലാണ് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായത്. ഗുരുധർമ്മപ്രചാരണാർത്ഥം ഗൾഫ്നാടുകളും ശ്രീലങ്കയും സന്ദർശിച്ചിട്ടുണ്ട്.
സ്വാമി ശാരദാനന്ദ (ട്രഷറർ)
1988ൽ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെത്തി. 1995ൽ സ്വാമി പ്രകാശാനന്ദയിൽ നിന്ന് സന്ന്യാസ ദീക്ഷ സ്വീകരിച്ചു. ശിവഗിരി ബ്രഹ്മവിദ്യാലയം ആചാര്യനായും സംരക്ഷണാചാര്യനായും സേവനമനുഷ്ഠിച്ചു. ഗുരുദർശന സംബന്ധമായ ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീർഘകാലം ധർമ്മസംഘം ട്രസ്റ്റ് സ്‌കൂളുകളുടെ കോർപ്പറേറ്റ് മാനേജരായിരുന്നു. ഇപ്പോൾ മഠം പബ്ലിക്കേഷൻസ്, ബുക്ക്സ്റ്റാൾ, ഗസ്റ്റ്ഹൗസ്, മാസിക തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |