
ശിവഗിരി: ഗുരുധർമ്മ പ്രചരണത്തിനാവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുഖ്യപരിഗണന നൽകുകയെന്ന് പ്രസിഡന്റ് സ്വാമി ഋതംഭരനാനന്ദ. ആഗോളതലത്തിൽ ശിവഗിരി മഠത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരം മനസിലാക്കി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ശ്രമിക്കും. മറ്റ് കാര്യങ്ങൾ ബോർഡ് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രസിഡന്റായി ചുമതലയേറ്റ ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകും. എല്ലാ രാഷ്ട്രീയ പാർട്ടികളോടും തുല്യനിലപാടാണ് . ഒരു രാഷ്ട്രീയപാർട്ടിയുടെയും മുഖം മഠത്തിനുണ്ടാവില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും ശ്രമിക്കും.
മനുഷ്യരാശിയുടെ സർവതോമുഖമായ പുരോഗതി മുന്നിൽ കണ്ടാണ് ഗുരുദേവ തൃപ്പാദങ്ങളുടെ കർമ്മകാണ്ഡം തുടക്കം കുറിക്കുന്നത്. 1888-ൽ അരുവിപ്പുറത്ത് മഹാശിവരാത്രി ദിനത്തിൽ നടത്തിയ മഹാപ്രതിഷ്ഠയോടു കൂടി ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന സന്ദേശമാണ് ആലേഖനം ചെയ്തത്. അത് ഗുരുവിന്റെ ആത്യന്തികമായ ലക്ഷ്യമാണ്. ലോകമെല്ലാം ഒരു തറവാടാണ്. ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ ഭാഷയുടെയോ ഭേദമില്ലാതെ , വേർതിരിവുകളില്ലാതെ ,മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളെപ്പോലെ ഒന്നായി ജീവിക്കുന്ന, ലോകത്തിന്റെ സമ്പത്ത് എല്ലാവരുടെയും നന്മയ്ക്കും പുരോഗതിക്കുമായി തുല്യമായി പങ്കിടുന്ന ഒരു സാമ്പത്തിക ക്രമവും എല്ലാവർക്കും സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയുമെല്ലാം ഗുരു മുന്നിൽ കണ്ടു. ഗുരുവിന്റെ അവതാര ദൗത്യം തന്നെ അതാണ്.
1928-ൽ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ ശിവഗിരി തീർത്ഥാടനത്തിന് അനുമതി കൊടുക്കുമ്പോൾ എട്ട് ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു. ഈ ലക്ഷ്യങ്ങൾ പ്രായോഗികമാക്കിയാൽ ആധുനിക ലോകം തന്നെ ഏറ്റവും ഉയർന്ന നിലയിൽ, സാമ്പത്തികമായും ആദ്ധ്യാത്മികമായും ഭൗതികമായും പുരോഗതി കൈവരിക്കുന്നതാണ്.
ശിവഗിരിയിൽ ഗുരുദേവൻ ശാരദാ പ്രതിഷ്ഠ നടത്തുമ്പോൾ അതിന് പേരു കൊടുത്തത് ക്ഷേത്രം എന്നല്ല, ശാരദാ മഠമെന്നാണ്. അവിടെ ഗുരുവും ശിഷ്യന്മാരും മാത്രമാണുള്ളത്. വരദായനി ശാരദാംബ ഗുരുവും സന്യാസിമാരുൾപ്പെടെയുള്ളവർ ശിഷ്യരും എന്നാണ് സങ്കല്പം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടും മുമ്പ് സ്ത്രീ വിമോചനത്തെക്കുറിച്ച് ഗുരു മനസിലാക്കി പ്രവർത്തിച്ചു. വ്യക്തികളും സംഘടനകളും കുട്ടികളെ സ്പോൺസർ ചെയ്ത് പഠിപ്പിക്കാൻ മാതൃക കാട്ടിയതും ഗുരുദേവനാണ്. ഡോ.പല്പുവിനെയും കുമാരനാശാനെയുമാണ് ഗുരു ഇങ്ങനെ പഠിപ്പിച്ചത് . ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും അദ്ദേഹം മനസിലാക്കി. ഡോ.പല്പുവിന്റെ മകനായ നടരാജനെ പാരീസിൽ സെർബോൺ സർവകലാശാലയിൽ അയച്ച് പാശ്ചാത്യ വിദ്യാഭ്യാസം നേടുന്നതിന് മാതൃക കാണിച്ചു. എസ്.എൻ.ഡി.പി യോഗത്തിന് ഗുരു നൽകിയ സന്ദേശം പ്രൈമറി വിദ്യാഭ്യാസമെങ്കിലും നേടാത്ത ഒരാൾ പോലും സമുദായത്തിൽ ഉണ്ടാവരുത് എന്നാണ്. ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എന്നിവരും സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |