
തിരുവനന്തപുരം: ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ വാഹനാപകടം കെട്ടിച്ചമച്ച എസ്.ഐയെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ. മോട്ടോർസൈക്കിൾ തെന്നിവീണത്, ഇടിച്ചിട്ട് നിറുത്താതെപോയ (ഹിറ്റ് ആൻഡ് റൺ) അപകടമാക്കി മാറ്റിയ തിരുവനന്തപുരം ട്രാഫിക് പൊലീസിലെ എസ്.ഐയായിരുന്ന സി.ആർ.സനൽ കുമാറിനെയാണ് വിചാരണ ചെയ്യുക. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ശുപാർശ പ്രകാരമാണ് ആഭ്യന്തരവകുപ്പിന്റെ വിചാരണാനുമതി. കേസിലെ അഞ്ചാം പ്രതിയാണ് സനൽ. 2018മാർച്ച് 24നായിരുന്നു കേസിനാസ്പദമായ സംഭവം. റിയാസെന്ന ആളുമായി ആസൂത്രണം ചെയ്തായിരുന്നു തട്ടിപ്പ്. കെ.എൽ-01 ബി.സി 9793 എന്ന നമ്പറിലെ മോട്ടോർസൈക്കിൾ ശംഖുംമുഖം-വിമാനത്താവള റോഡിലൂടെ നടന്നുപോവുകയായിരുന്ന റിയാസിനെ (33) ഇടിച്ചശേഷം കടന്നുകളഞ്ഞുവെന്നാണ് സനൽ കെട്ടിച്ചമച്ചത്. ശേഷം മെഡിക്കൽ കോളേജാശുപത്രിയിലെ മറ്റൊരാളുടെ ഒ.പി ടിക്കറ്റ് കൈവശപ്പെടുത്തുകയും ആശുപത്രിയിലെ അസി.പ്രൊഫസറുടെ വ്യാജഒപ്പിട്ട് ചികിത്സാ സർട്ടിഫിക്കറ്റ് ഇൻഷ്വറൻസ് കമ്പനിക്ക് നൽകുകയുമായിരുന്നു. കൈപ്പത്തികൾക്കും കാൽമുട്ടുകൾക്കും മുറിവും ചതവുമുണ്ടായെന്നും ഇരുകൈകളിലെയും വിരലുകളുടെ അസ്ഥികൾ പൊട്ടിയെന്നും വ്യാജരേഖയിൽ പറയുന്നു. എന്നാൽ ഇൻഷ്വറൻസ് കമ്പനി നടത്തിയ അന്വേഷണത്തിൽ വ്യാജ കേസാണെന്ന് മനസിലാവുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
അന്വേഷിക്കുന്നത് എസ്.ഐ.ടി
സൈക്കിളിൽ നിന്നുവീണതും തലയിൽ തേങ്ങ വീണതുമെല്ലാം വാഹനാപകടങ്ങളാക്കി മാറ്റി വൻതുക ഇൻഷ്വറൻസ് ക്ലെയിം തട്ടുന്ന മാഫിയയെ പൂട്ടാൻ എ.ഡി.ജി.പി പി.വിജയന്റെ നേതൃത്വത്തിൽ എസ്.ഐ.ടി രൂപീകരിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് മാത്രം 50കോടിയിലേറെ തട്ടിപ്പ് നടത്തിയതിന് 12കേസുകളുണ്ട്. സംസ്ഥാനത്താകെ 50ഓളം കേസുകളാണ്
പൊലീസുദ്യോഗസ്ഥർ, അഭിഭാഷകർ, ഇടനിലക്കാർ, മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവരാണ് പ്രതികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |