
നെയ്യാറ്റിൻകര: പത്രപ്രവർത്തക കുലപതിയെന്ന് വിശേഷിപ്പിക്കുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നെയ്യാറ്റിൻകര അരങ്ങമുകളിലുള്ള ജന്മഗൃഹമായ കൂടില്ലാവീട് ഇന്നും നാശോന്മുഖമായ അവസ്ഥയിൽ.
സംരക്ഷിത സ്മാരകമായ കൂടില്ലാവീട് സാംസ്കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ ചരിത്ര-ജേർണലിസം വിദ്യാർത്ഥികൾക്കായുള്ള ഒരു ലൈബ്രറി കം മ്യൂസിയമായി സംരക്ഷിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട് സംരക്ഷിക്കപ്പെടണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് നടൻ സുരേഷ് ഗോപി 2014ഡിസംബറിൽ 16ലക്ഷം രൂപ മുടക്കി 12സെന്റ് വസ്തുവും വീടും വാങ്ങി തിരുവനന്തപുരം പ്രസ് ക്ളബിന് ഏൽപ്പിച്ചിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും വീട് പുതുക്കി പണിയുകയോ സംരക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല.
കാടും പടർപ്പും വളർന്ന് കിടന്ന വീടിന് മുകളിലായി നാല് വർഷം മുൻപ് അലുമിനിയം മേൽക്കൂര നിർമ്മിച്ചിരുന്നു. സംരക്ഷിത സ്മാരകമായ വീട് തനിമ ചോരാതെ പുനർനിർമ്മിക്കാമെന്ന് പറഞ്ഞ് ഹാബിറ്റേറ്റ് നിർമ്മാണ കമ്പനി എത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതി ഉപേക്ഷിച്ചു.
സംരക്ഷണമില്ലാതെ നശിക്കുന്നു
വി.എം.സുധീരൻ 2014ൽ കെ.പി.സി.സി പ്രസിഡന്റായിരിക്കെ ധനലക്ഷ്മി ബാങ്കിൽ നിന്നും 5ലക്ഷം രൂപയെടുത്ത് നൽകിയെങ്കിലും അതും സംരക്ഷിതസ്മാരകത്തിനായി ഉപയോഗിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഏറ്റവും ഒടുവിൽ നെയ്യാറ്റിൻകര ഗാന്ധിമിത്ര മണ്ഡലം വീട് സംരക്ഷിക്കുവനായി കരാറുണ്ടാക്കിയെങ്കിലും അതും തർക്കം കാരണം നടന്നില്ല.
കൂടില്ലാ വീട് പുതുക്കി പണിയുവാൻ ഗോവ ഗവർണറായിരുന്ന പി.എസ്.ശ്രീധരൻപിള്ള രണ്ട് വർഷം മുൻപ് ഒന്നര ലക്ഷം രൂപ നൽകിയെങ്കിലും തുക കെട്ടിടം പുതുക്കി പണിയുന്നതിന് ഉപയോഗിച്ചില്ല.
നാടെങ്ങും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തൽ ദിനം സമുചിതമായി ആചരിക്കുമ്പോൾ അദ്ദേഹം പിറന്ന വീട് വെറും ചരിത്രാവശേഷിപ്പായി കാടുംപടർപ്പുമേറി അനാഥമാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |