
ചിറയിൻകീഴ്: മരം കടപുഴകി വീട് പൂർണമായും തകർന്നു.അഴൂർ കോളിച്ചിറയിൽ ചരുവിളവീട്ടിൽ അജീഷ് കുമാറിന്റെ തകരഷീറ്റ് കൊണ്ട് നിർമ്മിച്ച വീടാണ് തകർന്നത്.ഇന്നലെ പുലർച്ചെ 5നായിരുന്നു സംഭവം.സംഭവ സമയത്ത് അജീഷും ഭാര്യ അജിതയും അജീഷിന്റെ വികലാംഗയായ അമ്മ രാധയുമാണ് വീട്ടിലുണ്ടായിരുന്നത്.വലിയ ശബ്ദം കേട്ടാണ് മൂവരും ഉണരുന്നത്.
സർജറി കഴിഞ്ഞ് കിടപ്പിലായ അമ്മയെയും എടുത്ത് അജീഷും ഭാര്യയും ഉടൻ പുറത്തേയ്ക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.മരച്ചില്ല വന്നിടിച്ച് അജീഷിന്റെ കാലിന് ചെറിയ പരിക്കുണ്ട്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും കാറ്റും കാരണം അജീഷിന്റെ മക്കളെ ചേച്ചിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു.വീടിന് തൊട്ടടുത്തുള്ള കുളിമുറിയും ടോയ്ലെറ്റും തകർന്നിട്ടുണ്ട്.ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെങ്കിലും വസ്തു രാധയുടെ പേർക്കായതിനാലുള്ള സാങ്കേതിക തടസം നിലനിൽക്കുന്നുണ്ട്.മാത്രവുമല്ല വസ്തുവിന്റെ ആധാരം നിലവിൽ പണയത്തിലുമാണ്.വീട് തകർന്നതോടെ കുടുംബം ദുരിതത്തിലായിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |