
വിതുര: ഒടുവിൽ പേരയത്തുപാറയിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു. ലൈറ്റ് പ്രകാശിക്കാത്തതുമൂലം പ്രദേശം കൂരിരുട്ടിൽ മുങ്ങുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടൂർപ്രകാശ് എം.പി പ്രശ്നത്തിൽ ബന്ധപ്പെടുകയും നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട്-വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ പേരയത്തുപാറ ജംഗ്ഷനിൽ ഒന്നരവർഷമായി വെള്ളിവെളിച്ചം വിതറിയിരുന്ന ഹൈമാസ്റ്റ് ലൈറ്റ് ആഴ്ചകളായി കത്താത്ത അവസ്ഥയിലായിരുന്നു. ഇവിടെ പഞ്ചായത്തിന്റെ സ്ട്രീറ്റ് ലൈറ്റുകളുമില്ലായിരുന്നു. വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടികൾ സ്വീകരിച്ചിരുന്നില്ല. രാത്രിയിൽ പേരയത്തുപാറ ജംഗ്ഷനിൽ ബസിറങ്ങുന്നവർ ഏറെ ബുദ്ധിമുട്ടേണ്ട അവസ്ഥയായിരുന്നു.
തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം
പേരയത്തുപാറ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിലുൾപ്പെടെ തെരുവുനായ്ക്കളുടെ താവളമാണ്. രാത്രിയിൽ ജംഗ്ഷനിൽ ബസിറങ്ങുന്നവരെ നായ്ക്കൾ ആക്രമിച്ച സംഭവവുമുണ്ടായി. ഇവ വീടുകളിൽ അതിക്രമിച്ചുകയറി കോഴികളെയുൾപ്പെടെ കൊന്നൊടുക്കുന്നുണ്ട്.
ഇരുട്ടിന്റെ മറവിൽ പേരയത്തുപാറ,ചാരുപാറ മേഖലയിൽ മാലിന്യം നിക്ഷേപിക്കലുമുണ്ട്. മാലിന്യം അഴുകി പ്രദേശത്ത് ദുർഗന്ധവും പരത്തുന്നുണ്ട്. മേഖലയിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
മോഷണവും പതിവ്
പേരയത്തുപാറയിൽ മോഷണവും പതിവാണ്. നേരത്തേ ജംഗ്ഷനിലെ ഒരു വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ചിരുന്നു. മോഷ്ടാക്കളെ ഇതുവരെ പിടികൂടിയിട്ടില്ല. മാത്രമല്ല മേഖലയിൽ നിന്നും റബർഷീറ്റും കാർഷികവിളകളും അനവധി തവണ മോഷണം പോയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |