
പാലോട്: പെരിങ്ങമ്മല,നന്ദിയോട്,വിതുര, പാങ്ങോട് പഞ്ചായത്തുകളിൽ കൃഷിയിറക്കുന്ന വിളകളൊന്നും കർഷകർക്ക് കിട്ടാറില്ല. കൂട്ടമായെത്തുന്ന കുരങ്ങുകൾ അവയെല്ലാം നശിപ്പിച്ചശേഷമാണ് തിരിച്ചുപോകുന്നത്. കൂടാതെ വീടുകളുടെ മേൽക്കൂരകൾ തകർക്കുക,വാട്ടർ ടാങ്കുകൾ തുറന്നുവിടുക,ജനലുകളിലൂടെ അകത്തുകയറി ആഹാരസാധനങ്ങൾ മോഷ്ടിക്കുക, വ്യാപാര സ്ഥാപനങ്ങളും ഭക്ഷണസാധനങ്ങളും നശിപ്പിക്കുക അങ്ങനെ പലവിധ വിനോദങ്ങൾകാരണം ജനം ആകെ പൊറുതിമുട്ടിയ അവസ്ഥയിലാണ്. പകൽ സമയങ്ങളിൽ പോലും കുട്ടികൾക്കും മുതിർന്നവർക്കും പുറത്തിറങ്ങി നടക്കാൻ വയ്യ. വീട്ടുമുറ്റത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ കീറിയെറിയുന്നതും വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നതും നിത്യസംഭവമായി മാറി. മേഖലയിലെ കർഷകരാണ് കുരങ്ങുശല്യം കാരണം ഏറ്റവും കൂടുതൽ വലയുന്നത്.
റബർ പുരയിടങ്ങളിലെത്തുന്ന കുരങ്ങകൾ പാൽ സംഭരിക്കാനുള്ള ചിരട്ടകൾ നശിപ്പിക്കലാണ് മറ്റൊരു ഹോബി. ഇതിൽ പാലുണ്ടെങ്കിൽ അവ നിലത്തേക്ക് തട്ടിത്തെറിപ്പിക്കുന്നതും പതിവ് കാഴ്ചയാണ്. ആരെങ്കിലും ഇവരെ തുരത്താൻ ശ്രമിച്ചാൽ അവർക്കുനേരെ ചീറിയടുക്കുന്നതും പതിവാണ്. പ്രശ്നത്തിന് എത്രയും വേഗം വനപാലകരുടെ ഭാഗത്തുനിന്ന അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൃഷി നശിപ്പിക്കുന്നു
വാഴ,കപ്പ,തെങ്ങ്,പ്ലാവ്,മറ്റ് പച്ചക്കറികൾ എന്നിവ കുരങ്ങുകൂട്ടം വ്യാപകമായി നശിപ്പിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് ദിവസേന നശിച്ചുപോകുന്നത്. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ സാധാരണക്കാരായ കർഷകർ പട്ടിണിയിലാകുന്ന സ്ഥിതിയാണുള്ളത്. കുരങ്ങുകളെ ഓടിക്കാൻ ശ്രമിക്കുന്ന നാട്ടുകാരെയും കർഷകരെയും സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നതായും പരാതിയുണ്ട്.
വന്യമൃഗങ്ങളും
കാട്ടാനയും നാട്ടുകാർക്ക് ഭീഷണിയായി രംഗത്തുണ്ട്. കാട്ടുപോത്ത്,പന്നി,മ്ലാവ്, കേഴ തുടങ്ങിയ വന്യമൃഗങ്ങളും നാട്ടിലുണ്ട്.
വനം വകുപ്പിലും പഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും നടപടി മാത്രമില്ല. പലരും വന്യമൃഗ ശല്യത്താൽ കൃഷി പൂർണമായും ഉപേക്ഷിച്ചു. ആനകൾ കടന്നു വരുന്ന വഴികളിൽ കിടങ്ങ് നിർമ്മാണമാരംഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഒന്നുമായില്ല. അതിനാൽ തന്നെ ആനകൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള നടപടികളും ഇല്ല. നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു. ആദിവാസി മേഖലകളിൽ ചിലയിടങ്ങളിൽ സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും പ്രവർത്തനക്ഷമമല്ല. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ സേവനം ഈ മേഖലകളിൽ അടിയന്തരമായി ഉണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |