
തിരുവനന്തപുരം: പൊലീസിൽ ജോലി ലഭിച്ച് ട്രെയിനിംഗ് നടക്കുമ്പോഴാണ് രവീന്ദ്രൻ നായർക്ക് കോടതിയിൽ ജോലി ലഭിച്ചത്. ഇതോടെ കോടതിയിൽ പ്യൂണായി ജോലിക്ക് കയറി. വക്കീലന്മാരുമായി ബന്ധമുണ്ടാക്കിയിരുന്ന ഇയാൾ കോടതി രേഖകൾ അവർക്ക് രഹസ്യമായി നൽകി.
വഞ്ചിയൂർ,നെയ്യാറ്റിൻകര കോടതികളിൽ ജോലിചെയ്ത ശേഷം സീനിയർ സൂപ്രണ്ടായാണ് വിരമിച്ചത്.
ഇദ്ദേഹത്തിന് കാര്യസ്ഥനായി ചെറിയ ശമ്പളത്തിൽ ജോലിചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാൽ കൂടത്തിൽ കുടുംബത്തിന്റെ സ്വത്ത് ലക്ഷ്യം വച്ചാണ് 'കാര്യസ്ഥൻ" എന്ന പേരിൽ കയറിപ്പറ്റിയത്. ഒടുവിൽ വർഷങ്ങൾക്കുശേഷം കൊലപാതകക്കേസിൽ പിടിക്കപ്പെട്ട് ജയിലിലുമായി. കൂടത്തിൽ തറവാടിന് സമീപത്തായിരുന്നു രവീന്ദ്രന്റെയും വീട്. രണ്ടു വീടുകളുടെയും പിറകുവശം അവസാനിക്കുന്നത് കരമനയാറ്റിലാണ്. ഇയാൾക്ക് മുമ്പ് മണലൂറ്റുന്നതിനുള്ള വള്ളം സ്വന്തമായുണ്ടായിരുന്നു. കൂടത്തിൽ തറവാട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ വള്ളത്തിലൂടെ കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
അനിലിന്റെ പരാതിയിൽ ആദ്യ അന്വേഷണം
കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ ദുരൂഹമായി മരിച്ചതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ആദ്യ പരാതി നൽകിയത് കാലടി ശ്രീ നന്ദനം വീട്ടിൽ അനിൽ. 2018ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയാണ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തിലും അറസ്റ്റിലുമെത്തിയത്. ജയമാധവൻ നായർ 2017 ഏപ്രിൽ 2ന് മരിച്ച് ഒരുവർഷത്തിനുശേഷം കാടും പടർപ്പുമായി കിടന്ന 22 സെന്റ് പുരയിടത്തിലെ മരങ്ങൾ മുറിച്ചപ്പോഴാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. അങ്ങനെയാണ് അനിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ അന്വേഷണം നടക്കുമ്പോൾ ഗവ.കരാറുകാരനായ തനിക്കെതിരെ വിജിലൻസിലും ആദായ നികുതി വകുപ്പിലും രവീന്ദ്രനുമായി ബന്ധമുള്ളവർ നിരന്തരം പരാതി നൽകിയതോടെ നിർമ്മാണം ഏറ്റെടുക്കാൻ കഴിയാത്ത സ്ഥിതിയായെന്ന് അനിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |