SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.00 PM IST

നാലാം ദിവസവും രണ്ടായിരം കടന്ന്

s

തിരുവനന്തപുരം: തുടർച്ചയായി നാലാം ദിവസവും രണ്ടായിരം കടന്ന് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ തലസ്ഥാന ജില്ലയുടെ ആശങ്കയൊഴിയുന്നില്ല. ഇന്നലെ 2,020 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തിൽ നിന്നും നേരിയ കുറവ് ആണ് ഇന്നലെ ഉണ്ടായത്. 2,383 പേർക്കായിരുന്നു കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. രണ്ടായിരത്തിലധികം പേർക്ക് ദിനവും രോഗം ബാധിക്കുമ്പോഴും രോഗമുക്തിയുണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നില്ല. ഇന്നലെ 861 പേർക്ക് മാത്രമായിരുന്നു രോഗമുക്തി ഉണ്ടായത്. 15, 205 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അനുദിനം രോഗികളുടെ എണ്ണം കൂടുമ്പോഴും പൊതുജനങ്ങളിൽ പലരും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ തെരുവിലിറങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാകുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,765 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത് ഇതിന് തെളിവാണ്. രോഗം ബാധിച്ചവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ളവർ നിരീക്ഷത്തിൽ പോകണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. രോഗികളായവർ രോഗമുക്തിക്ക് ശേഷം റിവേഴ്‌സ് ക്വറന്റൈൻ പാലിക്കാതെ പൊതുജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് കാരണം ഇപ്പോഴും പലമേഖലകളിലും രോഗവ്യാപനം കൂടുകയാണ്. ഗ്രാമ മേഖലയിലാണ് നിയമലംഘനം സജീവമായി നടക്കുന്നന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ പന്ത്രണ്ട് പഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ചിട്ടും അവിടെപോലും കാര്യമായ ഇടപെടൽ നടക്കുന്നില്ലെന്നാണ് പരാതി. മുൻപ് ലോക്ക് ഡൗൺ കാലയളവിൽ നിയമ ലംഘനം കാട്ടുന്നവരെയും മാസ്ക് ധരിക്കാത്തവരെയും കണ്ടെത്താൻ പൊലീസ് പട്രോളിംഗ് നടത്തിയിരുന്നെങ്കിൽ ഇപ്പോൾ യാതൊന്നും നടക്കുന്നില്ല. രോഗം സ്ഥിരീകരിച്ചവരുടെ വീടുകളിൽ സ്റ്റിക്കർ പതിച്ച് ഇവരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് സന്ദേശം നൽകിയിരുന്നത് ഇപ്പോഴില്ലാത്തതും നിയമ ലംഘകർക്ക് സഹായകമായിട്ടുണ്ട്.

സമ്പർക്കത്തിലൂടെ 7 പേർ ആരോഗ്യ പ്രവർത്തകരാണ് ഇന്നലെ രോഗബാധിതരായത്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 4,145 പേരെക്കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരടക്കം ആകെ 48,572 പേരാണ് ക്വാറന്റൈനിൽ കഴിയുന്നത്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 310 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.


കൊവിഡ് ബാധിതരുടെ വീട്ടിലുള്ളവർ നിരീക്ഷത്തിന് തയ്യാറാകുന്നില്ല
രോഗമുക്തരായവർ റിവേഴ്‌സ് ക്വറന്റൈൻ പാലിക്കുന്നില്ല
നടപടിയെടുക്കാൻ ആരോഗ്യപ്രവർത്തകരോ പൊലീസ് അധികാരികളോ ശ്രമിക്കുന്നില്ല
144 പ്രഖ്യാപിച്ച പഞ്ചായത്തുകളിൽ പോലും നിയമലംഘനം പതിവാകുന്നു.


കണ്ടെയിൻമെന്റ് സോൺ

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കാഞ്ഞിരംപാറ, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ അരിവാരിക്കുഴി, കൊല്ലുവിള, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കോട്ടവിള, ചാങ്ങ, ചെറുകുളം, കൊങ്ങണം എന്നീ പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണായി കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL