SignIn
Kerala Kaumudi Online
Sunday, 27 September 2026 7.17 PM IST

തുറമുഖ നിർമ്മാണത്തിന് പുതുജീവൻ പുലിമുട്ട് നിർമ്മാണത്തിന് കടൽമാർഗം കല്ലെത്തി

1

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമ്മാണത്തിന് വീണ്ടും ഗതിവേഗം. കരിങ്കൽക്ഷാമം തടസമായി നിന്ന പുലിമുട്ട് നിർമ്മാണമാണ് കടൽമാർഗം കല്ലെത്തിയതോടെ ഉഷാറായത്. ഇന്നലെ കൊല്ലത്തു നിന്ന് കരിങ്കല്ലുമായി ബോട്ടം ഓപ്പൺ ബാർജ് തുറമുഖത്തെത്തിയിരുന്നു. വൈകാതെ മുതലപ്പൊഴിയിൽ ശേഖരിച്ചിരിക്കുന്ന കരിങ്കല്ലും കടൽമാർഗം വിഴിഞ്ഞെത്തെത്തിക്കും. തുറമുഖനിർമ്മാണ സ്ഥലത്ത് ശേഖരിച്ച കല്ലും പുലിമുട്ട് നിർമ്മാണത്തിനായി ഉപയോഗിക്കും.

ഇപ്പോൾ രാത്രിയും പകലും കരമാർഗം കല്ലെത്തിച്ചാണ് പുലിമുട്ട് നിർമ്മാണം നടത്തുന്നത്. പ്രതിദിനം അമ്പതോളം ലോറികളിലാണ് പുലിമുട്ടിനായി കല്ല്

എത്തിക്കുന്നത്. തുറമുഖ നിർമ്മാണ സ്ഥലത്ത് ശേഖരിച്ചിരിക്കുന്ന കല്ലാണ് ഇപ്പോൾ കടലിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ആഴ്ചയോടെ പൂർണതോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. 3 ബാർജുകളാണ് പദ്ധതിക്കുവേണ്ടി തുടർച്ചയായി കല്ലെത്തിക്കുന്നത്.

വേണ്ടത് 75 ലക്ഷം മെട്രിക് ടൺ

പുലിമുട്ട് നിർമ്മാണത്തിനായി ആകെ വേണ്ടത് 75 ലക്ഷം മെട്രിക് ടൺ കല്ലാണ്. ഇതുവരെ 10 ലക്ഷം മെട്രിക് ടൺ കല്ല് കടലിൽ നിക്ഷേപിച്ചുകഴിഞ്ഞു.

കൊല്ലം, വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലുൾപ്പെടെ 18 ലക്ഷം മെട്രിക് ടൺ കരിങ്കല്ല് ഇപ്പോൾ ശേഖരിച്ചിട്ടുണ്ട്. ഇവകൂടി എത്തുന്നതോടെ പുലിമുട്ട് നിർമ്മാണത്തിന്റെ വേഗത വർദ്ധിക്കും.

പുലിമുട്ട് 3100 മീറ്റർ

3100 മീറ്റർ നീളത്തിലാണ് പദ്ധതി പ്രദേശത്ത് പുലിമുട്ട് നിർമ്മിക്കുന്നത്. നിർമ്മാണം തുടങ്ങിയശേഷം കടൽക്ഷോഭത്തിൽപ്പെട്ട് പുലിമുട്ടിന്റെ കുറച്ച് ഭാഗം നഷ്ടപ്പെട്ടിരുന്നു. ശേഷിച്ച 676 മീറ്ററിൽ നിന്ന് ഇപ്പോൾ പുലിമുട്ടിന്റെ നീളം 850 മീറ്ററിലെത്തിച്ചിട്ടുണ്ട്. ഇത് 1200 മീറ്റർ പിന്നിടുമ്പോൾ ഇടതുവശത്തേക്ക് വളയും. അവിടെ നിന്ന് ബർത്തിന് സമാന്തരമായാണ് പുലിമുട്ട് നിർമ്മിക്കുന്നത്. പുലിമുട്ട് 1000 മീറ്റർ എത്തുമ്പോൾ ബർത്തിനും കടലിനും ഇടയിൽ 800 മീറ്റർ നീളത്തിലും 150 മീറ്റർ വീതിയിലും കടൽ നികത്തും. ഇവിടെയാണ് ബർത്ത്, യാർഡ്, ക്രെയിൻ ഉൾപ്പെടെയുള്ളവ സജ്ജീകരിക്കുന്നത്.

നിർമ്മാണ പുരോഗതി ഇങ്ങനെ
തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായുള്ള 220 കെ.വി സബ് സ്റ്റേഷൻ, മറ്റ് ഓഫീസുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.

നിർമ്മാണം പൂർത്തിയായ യാർഡിന് ചുറ്റും സംരക്ഷണവേലിയും നിർമ്മിച്ചു. പുലിമുട്ട് ബലപ്പെടുത്തുന്നതിനുള്ള അക്രോപോഡുകളുടെ നിർമ്മാണവും ഏകദേശം പൂർത്തിയായി. ബൈപാസ് റോഡും തുറമുഖവുമായി ബന്ധിപ്പിക്കുന്ന ആധുനിക രീതിയിലുള്ള ജിയോസെൽ റോഡ് നിർമ്മാണം പുരോഗമിക്കുന്നു. രണ്ടു പാലങ്ങളുടെ നിർമ്മാണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL