SignIn
Kerala Kaumudi Online
Monday, 21 September 2026 12.10 AM IST

സർക്കാരിന് മെല്ലെപ്പോക്ക്: നെയ്യാർ കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തിൽ

neyyar

തിരുവനന്തപുരം: നഗരത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി നെയ്യാർ ഡാമിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന 120 എം.എൽ.ഡി കുടിവെള്ള പ്ളാന്റിന്റെ ടെൻഡറിന് ഇതുവരെ അനുമതി നൽകാതെ സർക്കാർ. 2015ൽ വിഭാവനം ചെയ്ത പദ്ധതിക്ക് നിരവധി തവണയാണ് ടെൻഡർ ക്ഷണിച്ചത്. എന്നാൽ ടെൻഡർ ഏറ്റെടുക്കാൻ കമ്പനികളൊന്നും മുന്നോട്ടുവന്നില്ല. ഏറ്റവും ഒടുവിൽ ശാസ്തമംഗലം കൊച്ചാർ റോഡിൽ പ്രവർത്തിക്കുന്ന ഷിക്കാഗോ കൺസ്ട്രക്ഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് 91.09 കോടി ക്വാട്ട് ചെയ്തു. ഈ കമ്പനി മാത്രമാണ് ടെൻഡറിൽ പങ്കെടുത്തതും. വാട്ടർ അതോറിട്ടി നിശ്ചയിച്ച ടെൻഡർ തുകയെക്കാൾ 46 ശതമാനം ഉയർന്ന തുകയാണ് കമ്പനി ക്വാട്ട് ചെയ്തത്. എസ്‌റ്റിമേറ്റിനെക്കാൾ 10 ശതമാനത്തിന് മുകളിലാണ് കമ്പനികൾ ക്വാട്ട് ചെയ്യുന്നതെങ്കിൽ ടെൻഡർ നൽകാൻ സർക്കാരിന്റെ അനുമതി വേണം. എന്നാൽ ഒന്നര വർഷത്തോളമായിട്ടും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

തുടക്കത്തിലേ കല്ലുകടി

പദ്ധതി വൈകിപ്പിക്കാൻ തുടക്കം മുതലേ ശ്രമങ്ങൾ നടന്നിരുന്നു. ടെൻഡർ വൈകിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥ ലോബിയും കരാറുകാരും ഒത്തുകളിക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. ടെൻഡറിൽ കമ്പനികൾ പങ്കെടുക്കാതിരുന്നതോടെയാണ് ഈ സംശയം ഉയർന്നത്.മൂന്ന് തവണ ടെൻഡർ ക്ഷണിച്ചിട്ടും ഒരു കമ്പനിയും വരാതിരുന്നതോടെ റീടെൻഡർ ചെയ്യുകയായിരുന്നു. തുടർന്നാണ് ഷിക്കാഗോ കമ്പനി ടെൻഡറിൽ പങ്കെടുത്തത്. സർക്കാരിന്റെ തീരുമാനം അനിശ്ചിതമായി വൈകുന്നതിനാൽ കമ്പനി പദ്ധതി ഉപേക്ഷിക്കാനുള്ള ആലോചനയിലാണ്. സർക്കാർ അനുമതി നൽകിയാലും നിർമ്മാണസാധനങ്ങൾക്കടക്കം വില അനുദിനം വർദ്ധിക്കുന്നതിനാൽ നിലവിലെ എസ്റ്റിമേറ്റിൽ പദ്ധതി പൂർത്തിയാക്കുന്നത് അപ്രായോഗികമാണെന്നാണ് കമ്പനിയുടെ നിലപാട്.

കിഫ്ബിയുമായും തർക്കം

പദ്ധതിയെച്ചൊല്ലി കിഫ്ബിയും വാട്ടർഅതോറിട്ടിയും രണ്ട് തട്ടിലാണ്. കിഫ്‌ബിക്ക് ഫണ്ടില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വാട്ടർ അതോറിട്ടി പറയുന്നു. എന്നാൽ,​ പൈപ്പിടുന്നതിനുള്ള അലൈൻമെന്റ് ശരിയായ രീതിയിലല്ല വാട്ടർ അതോറിട്ടി തയ്യാറാക്കിയതെന്നാണ് കിഫ്ബിയുടെ നിലപാട്. എന്നാൽ,​ അലൈൻമെന്റിന് അംഗീകാരം നൽകാതെ കിഫ്ബി ടെൻഡർ ക്ഷണിച്ചതെങ്ങനെയെന്ന് ചോദിച്ചാണ് വാട്ടർ അതോറിട്ടി ഇതിനെ പ്രതിരോധിക്കുന്നത്.

 ജലസംഭരണി 3.62 ഏക്കറിൽ

നെയ്യാർ ഡാമിലെ സഫാരി പാർക്കിനുസമീപം ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള 3.62 ഏക്കർ സ്ഥലത്താണ് പമ്പിംഗ് സ്റ്റേഷനും ട്രീറ്റ്‌മെന്റ് പ്ലാന്റും അടങ്ങിയ നെയ്യാർ ജലസംഭരണി സ്ഥാപിക്കുന്നത്. നെയ്യാറിൽ ശുദ്ധീകരിക്കുന്ന വെള്ളം വീണ്ടുമൊരു പമ്പിംഗ് കൂടാതെ 24 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ സ്വാഭാവികമായ ഒഴുക്കിൽ പി.ടി.പി നഗറിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഓവർ ഹെഡ് ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യും. അവിടെനിന്ന് 1400 മില്ലിമീറ്റർ വ്യാസമുള്ള മൈൽഡ് സ്റ്റീൽ പൈപ്പുകൾ സ്ഥാപിച്ച് മാറനല്ലൂർ, മലയിൻകീഴ്, വിളപ്പിൽശാല,വിളവൂർക്കൽ പഞ്ചായത്തുകളിൽ വിതരണം ചെയ്യും. ആവശ്യമെങ്കിൽ നഗരത്തിൽ ജലക്ഷാമമുള്ള പ്രദേശങ്ങളിലും ജലം എത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL