
തൃശൂർ: രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായകളുടെ ആക്രമണത്തിൽ പത്ത് മാനുകൾ ചത്തിട്ട് ആറുമാസം പിന്നിട്ടിട്ടും സുരക്ഷാവീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. 2025 നവംബർ 11നായിരുന്നു മാനുകൾ കൂട്ടത്തോടെ കൊല്ലപ്പെട്ടത്. വനംവകുപ്പ് കേസെടുക്കുകയും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, വനം വിജിലൻസ് വിഭാഗം സി.സി.എഫ് ജോർജ് പി. മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയ എന്നിവർ ഉൾപ്പെട്ട സമിതി അന്വേഷിച്ച് നാലുദിവസത്തിനകം കഴിഞ്ഞ സർക്കാരിലെ വനം മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. എന്നാൽ നടപടിയെടുത്തിരുന്നില്ല. മാനുകൾ ചത്ത വിവരം മാദ്ധ്യമങ്ങൾക്ക് കൈമാറിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട മാന്ദാമംഗലം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. മുഹമ്മദ് ഷമീം സർവീസിൽ തിരിച്ചുകയറി. ഉന്നതതല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനംമന്ത്രിയാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കേണ്ടതെന്നാണ് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജു അന്ന് വിശദീകരിച്ചത്.
വീഴ്ച വ്യക്തം, എന്നിട്ടും...
പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൊല്ലപ്പെട്ട സംഭവത്തിൽ അധികൃതരുടെ വീഴ്ച വ്യക്തം.
1. രാത്രികാലങ്ങളിൽ മാനുകളെ സുരക്ഷിതമായ കൂടുകളിലേക്ക് മാറ്റുന്നതിൽ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചു
2. താത്കാലിക ജീവനക്കാർ മാത്രമായിരുന്നു ഡ്യൂട്ടിയിൽ. ഡ്യൂട്ടി ഡയറി പ്രകാരം രണ്ട് സ്ഥിരം ജീവനക്കാർക്ക് 24 മണിക്കൂർ ചുമതലയുണ്ടായിരുന്നു. എന്നാൽ നവംബർ 10ന് രാവിലെ ഡ്യൂട്ടിക്ക് ഒപ്പിട്ട ഇവർ, തൊട്ടടുത്ത ദിവസം രാവിലെ മാനുകൾ ചത്ത നിലയിൽ കണ്ടെത്തിയ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്നാണ് വിവരം.
3. വീഴ്ച വരുത്തിയ താത്കാലികക്കാരായ കെയർ ടേക്കർമാർക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. അന്നത്തെ ഭരണകക്ഷിയിലെ സ്വാധീനമുള്ളവരുടെ ഇഷ്ടക്കാരായതിനാലാണ് നടപടിയെടുക്കാത്തതെന്ന് ആക്ഷേപമുണ്ട്.
തെരുവുനായ ആക്രമണത്തിൽ മാനുകൾ കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ സർക്കാർ വീഴ്ച വരുത്തിയതും ഉത്തരവാദികളെ സംരക്ഷിച്ചതും സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി ഷിബു ബേബിജോണിന് പരാതി നൽകും.അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |