തൃശൂർ: മണ്ണുത്തിയിൽ ഗൃഹനാഥനെ വീടിനുള്ളിൽ കെട്ടിയിട്ട് വൻ കവർച്ച നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. രാജസ്ഥാനിലെ കള്ളന്മമാരുടെ കേന്ദ്രമായ ഗ്രാമത്തിൽ നിന്നാണ് മുഖ്യസൂത്രധാരൻ സൂരജ് പവാറും മറ്റ് രണ്ടുപ്രതികളും പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച 47 പവനിൽ 26 പവൻ സ്വർണവും പൊലീസ് കണ്ടെത്തി. സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് പ്രതികൾ പിടിയിലായത്.
മോഷണം തൊഴിലാക്കിയിരുന്ന സംഘത്തിലെ ആളുകളാണ് പിടിയിലായതെന്നാണ് വിവരം. ട്രക്കുകളിൽ കറങ്ങിനടന്ന് വീടുകളിൽ മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ട്രക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഈ വീട് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആൾതാമസം ഇല്ലെന്ന് കരുതിയാണ് ഇവർ വീട് മോഷണത്തിനായി തിരഞ്ഞെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
ഒരുമാസം മുൻപാണ് തൃശൂർ മണ്ണുത്തിയിൽ സോമശേഖരന്റെ വീട്ടിൽ മോഷണം നടന്നത്. രാത്രി പതിനൊന്നോടെയാണ് വീടിന്റെ പുറകുവശത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് സംഘം അകത്ത് കയറിയത്. തുടർന്ന് ഉറങ്ങുകയായിരുന്ന ഗൃഹനാഥൻ സോമശേഖരനെ കെട്ടിയിട്ട ശേഷം അലമാരയുടെ പൂട്ട് തകർത്ത് 47 പവനും 50000 രൂപയും കവരുകയായിരുന്നു. സംഭവത്തിന് പിന്നാലെ സോമശേഖരൻ പൊലീസിൽ പരാതി നൽകി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതികളിലേയ്ക്ക് എത്തിച്ചത്. സംഭവത്തിൽ മറ്റുരണ്ടു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |