SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.14 AM IST

തൃശൂർ റെയിൽവേ സ്റ്റേഷൻ: മുഖച്ഛായ മാറാൻ മൂന്ന് വർഷം

തൃശൂർ: റെയിൽവേ സ്റ്റേഷൻ ഇനി വിമാനത്താവള മാതൃകയിൽ ഹൈടെക്കാകും. എലിവേറ്റഡ് റോഡും പൂമുഖവും വിവിധ പ്ലാറ്റ്‌ഫോമുകളിലെത്തുന്നതിന് 24 മീറ്റർ വീതിയിൽ വിശാലമായ നടപ്പാലവും (എയർ കോൺകോഴ്‌സ്) മൂന്ന് ഫുട്ഓവർ ബ്രിഡ്ജും ഉൾപ്പെടയുള്ള നിർമ്മാണം റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു. 913 ദിവസത്തിനകം (2028 ജൂലായ് 21നകം) പൂർത്തീകരിക്കാനാണ് കരാറെടുത്ത ശ്രീ വെങ്കിടാചലപതി കൺസ്ട്രക്ഷൻസിന് നിർദ്ദേശം. പോർട്ടികോ, എയർ കോൺകോഴ്‌സ്, യാത്രക്കാരുടെ വിശ്രമമുറി, വി.ഐ.പി റൂം, മാനേജർ ഓഫീസ്, ടിക്കറ്റ് കൗണ്ടർ എന്നിവ ആദ്യഘട്ടത്തിൽ പൂർത്തിയാക്കും. മാനേജരുടെ ഓഫീസ് മുതൽ ഒന്നാം പ്ലാറ്റ്‌ഫോമിലെ ഫുട്ഓവർ ബ്രിഡ്ജ് വരെയുള്ള ഭാഗം പൊളിക്കുന്നതിനുള്ള പ്രവൃത്തികൾ തുടങ്ങി. 2027 ഡിസംബർ 27നകം ആദ്യഘട്ടം പൂർത്തീകരിക്കും. എയർ കോൺകോഴ്‌സ് ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമേ ഇപ്പോഴുള്ള ഫുട്ഓവർ ബ്രിഡ്ജ് പൊളിക്കു. തെക്കുവശത്ത് ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്ററുടെ മുറി പുതുതായി നിർമ്മിച്ച് സിഗ്‌നൽ ഓഫീസ് ഉൾപ്പെടെ അവിടേക്ക് മാറ്റും. ആദ്യഘട്ടത്തിനുശേഷം ആറുമാസം കഴിഞ്ഞാകും രണ്ടാം ഘട്ടം. നാലാം പ്ലാറ്റ്‌ഫോം നീളംകൂട്ടുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. ആറ് മീറ്റർ വീതിയിൽ മൂന്ന് ഫുട്ഓവർ ബ്രിഡ്ജുകളാണ് നിർമ്മിക്കുക. മൂന്നാം ലൈനിനുള്ള സ്ഥലസൗകര്യം കൂടിയിട്ട് 40 വർഷം മുന്നിൽകണ്ടുള്ള നവീകരണമാണിതെന്നാണ് റെയിൽവേയുടെ വിശദീകരണം.


ക്വാർട്ടേഴ്‌സുകൾ ഫ്‌ളാറ്റുകളാകും

ജീവനക്കാരുടെ പഴയ ക്വാർട്ടേഴ്‌സുകൾക്ക് പകരം രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളിലായി നൂറോളം കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കും. 12 നിലകളിലുള്ള ഫ്‌ളാറ്റിൽ 72 കുടുംബങ്ങൾക്കും ആറ് നിലകളുള്ള ഫ്‌ളാറ്റിൽ 24 കുടുംബങ്ങൾക്കും സൗകര്യം ഒരുക്കും. ജീവനക്കാർക്ക് പ്രത്യേകം വിശ്രമമുറികളും പുതിയ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിലുണ്ടാകും. ആകെ 37 ഏക്കറിൽ 30,607 സ്‌ക്വയർ മീറ്ററിൽ പുതിയ കെട്ടിടങ്ങളും 730 സ്‌ക്വയർ മീറ്ററിൽ പ്ലാറ്റ്‌ഫോം നവീകരണവും നടക്കും.

കവാടം മാറും

പ്രധാന പ്രവേശന കവാടം ദിവാൻജി മൂലയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് അഭിമുഖമാകും. സ്റ്റാൻഡിൽ നിന്നും എലിവേറ്റഡ് പാതയിലൂടെയെത്തി റെയിൽവേ സ്റ്റേഷന് തൊട്ടുമുൻപിൽ യാത്രക്കാരെ ഇറക്കാനാകും. 11 മീറ്റർ ഉയരത്തിലാകും എലിവേറ്റഡ് പാത.

പടിഞ്ഞാറും സൗകര്യം

പടിഞ്ഞാറ് പൂത്തോൾ ഭാഗത്ത് ബസുകൾക്ക് പ്രവേശിക്കാം. ഇവിടെ ടിക്കറ്റ് കൗണ്ടറുമുണ്ടാകും. ഗുഡ്‌സ് ഷെഡ്, സിഗ്‌നൽ, ഇലക്ട്രിക്കൽ, എൻജിനിയേഴ്‌സ്, ടി.ആർ.ഡി, ഹെൽത്ത് ഓഫീസുകളും ഇവിടെയാകും. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഓഫീസുകളെല്ലാം കിഴക്ക് ഒന്നാം പ്ലാറ്റ്‌ഫോമിനോട് ചേർന്നാകും പ്രവർത്തിക്കുക.കൊച്ചിരാജാവിന്റെ കാലത്ത് 1902ൽ നിർമ്മിച്ച കെട്ടിടം പൊളിക്കുമോയെന്നതിൽ വ്യക്തതയില്ല. 1902 മുതൽ മൂന്ന് തവണയായാണ് സ്റ്റേഷനിൽ നവീകരണം നടന്നത്. ഇപ്പോഴത്തെ പോർട്ടികോ കെട്ടിടം 2000ലാണ് നിർമ്മിച്ചത്. ഏറ്റവുമൊടുവിൽ 2004ലാണ് എ.സി വെയിറ്റിംഗ് ഹാൾ നിർമ്മിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL