SignIn
Kerala Kaumudi Online
Monday, 22 June 2026 4.47 AM IST

കേന്ദ്ര സഹായം വൈകുന്നു: പ്രത്യക്ഷ സമരത്തിന് പുലിക്കളി സംഘങ്ങൾ

1

തൃശൂർ: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരു വർഷമായിട്ടും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പുലിക്കളി സംഘങ്ങൾ രംഗത്ത്. തെക്കെ ഗോപുരനടയിൽ ചേർന്ന പുലിക്കളി സംഘങ്ങളുടെ സംയുക്ത യോഗമാണ് പ്രതിഷേധിച്ചത്. ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഡി.ടി.പി.സിക്ക് സമർപ്പിച്ചിട്ടും തുക ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ പുലിക്കളിയുടെ തലേദിവസമാണ് ടൂറിസം വകുപ്പ് വഴി ഓരോ സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഈ തുക അനുവദിച്ചിട്ടില്ല. പല സംഘങ്ങളും കടുത്ത സാമ്പത്തിക ബാദ്ധ്യതയിലായതിനാൽ സാങ്കേതിക തടസം ഒഴിവാക്കി തുക വേഗത്തിൽ ലഭ്യമാക്കണമെന്ന് പുലിക്കളി കൂട്ടായ്മ ആവശ്യപ്പെട്ടു.

അതേസമയം, സൗത്ത് സോൺ കൾച്ചറൽ സെന്റർ മുൻകൈയെടുത്ത് അനുവദിച്ച ഒരു ലക്ഷം രൂപ വീതമുള്ള ധനസഹായം കഴിഞ്ഞ രണ്ട് വർഷമായി സെന്റർ ഡയറക്ടർ കൂടിയായ തൃശൂർ സ്വദേശി ഡോ. ഗോപാലകൃഷ്ണന്റെ ഇടപെടലിൽ ലഭിക്കുന്നുണ്ട്.

കേന്ദ്രമന്ത്രിക്ക് നിവേദനം നൽകും; ജൂലായിൽ 'ഒറ്റപ്പുലി' പ്രതിഷേധം

ധനസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കളക്ടർക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് സംഘങ്ങളുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി ജൂലായ് ആദ്യവാരം ഡി.ടി.പി.സി ഓഫീസിലേക്ക് 'ഒറ്റപ്പുലി' പ്രതിഷേധം നടത്തും.

സംയുക്ത യോഗത്തിൽ സീതാറാം മിൽ ദേശം, അയ്യന്തോൾ, ശങ്കരംകുളങ്ങര, ചക്കാമുക്ക്, കുട്ടൻകുളങ്ങര, പാട്ടുരായ്ക്കൽ ദേശം കലാ കായിക സാംസ്‌കാരിക സമിതി, യുവജന സംഘം വിയ്യൂർ, കാനാട്ടുകര, ഒളരിക്കര, വെളിയന്നൂർ ദേശം എന്നീ പുലിക്കളി സംഘങ്ങളുടെ ഭാരവാഹികൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL