SignIn
Kerala Kaumudi Online
Friday, 26 June 2026 4.21 AM IST

ചാലക്കുടിയിൽ കാട്ടാനശല്യം രൂക്ഷം; വനംവകുപ്പിന്റെ ഡ്രൈവ് പരാജയം

1

ചാലക്കുടി: വനം മന്ത്രിയുടെ നിർദ്ദേശപ്രകാരം ജനവാസ മേഖലകളിൽ നിന്ന് കാട്ടാനകളെ തുരത്താൻ ആരംഭിച്ച പ്രത്യേക ഡ്രൈവ് ഫലം കണ്ടില്ല. വെറ്റിലപ്പാറ പ്രദേശത്ത് തിരിച്ചെത്തിയ ആനകൾ ജനങ്ങളെ നേരിട്ട് ആക്രമിക്കാൻ മുതിരുന്നതായാണ് നാട്ടുകാരുടെ ഇപ്പോഴത്തെ പരാതി.

ചൊവ്വാഴ്ച രാത്രി വെറ്റിലപ്പാറ ഗവ. ആയുർവേദ ക്ലിനിക്കിന് സമീപം പഞ്ചായത്ത് അംഗം മനു പോൾ, മുൻ അംഗം ജയചന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ സംഘത്തിന് നേരെ പിടിയാന പാഞ്ഞടുത്തിരുന്നു. പ്രാണരക്ഷാർത്ഥം ഇവർ ബൈക്കുകൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് വെറ്റിലപ്പാറയിലെ ഒരു കല്യാണവീട്ടിലും, അതിരപ്പിള്ളി റോഡിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെയും ആനയുടെ ആക്രമണശ്രമമുണ്ടായി.

വൈശേരിയിൽ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചതിനെത്തുടർന്നാണ് വനം മന്ത്രി സ്ഥലത്തെത്തി പ്രത്യേക ഡ്രൈവിന് നിർദ്ദേശം നൽകിയത്. ഇരുപത് ദിവസത്തോളം ആർ.ആർ.ടി സംഘം പടക്കവും റബ്ബർ ബുള്ളറ്റും ഉപയോഗിച്ച് ആനകളെ തുരത്തിയെങ്കിലും വീണ്ടും വെറ്റിലപ്പാറയിൽ കൂട്ടത്തോടെ തിരിച്ചെത്തിയിട്ടുണ്ട്.

പ്ലാന്റേഷൻ തോട്ടങ്ങളിലെ പൈനാപ്പിൾ കൃഷിക്ക് ചുറ്റും സ്ഥാപിച്ച ശക്തമായ വൈദ്യുത വേലികൾ കാരണം ആനകൾക്ക് ഉൾക്കാട്ടിലേക്ക് പോകാൻ കഴിയാത്തതാണ് അക്രമാസക്തരാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.


ആനകൾ പെരുകിയിട്ടില്ലെന്ന് വനംവകുപ്പ്

കേരളത്തിൽ കാട്ടാനകളുടെ എണ്ണം പകുതിയിലേറെ കുറഞ്ഞെന്ന് വനംവകുപ്പ്. 2000ൽ അയ്യായിരത്തോളം ആനകൾ ഉണ്ടായിരുന്നത് ഇപ്പോൾ 2500ൽ താഴെയായി. ഷോളയാർ, അതിരപ്പിള്ളി മേഖലകളിലും എണ്ണം കുറവാണെങ്കിലും ഇവ നാട്ടിലിറങ്ങുന്നത് വർദ്ധിച്ചിട്ടുണ്ട്.

കാരണങ്ങൾ

മലയോര ഹൈവേ ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ ആവാസവ്യവസ്ഥയെ ബാധിച്ചു.

മലയോരങ്ങളിലെ വാഴ, പൈനാപ്പിൾ കൃഷികൾ ആകർഷിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം ഉൾക്കാട്ടിൽ വെള്ളവും ഉപ്പും ലഭ്യമാക്കുന്ന പദ്ധതികൾ നിലച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL