
ചെറുതുരുത്തി: 2018ലെ മഹാപ്രളയകാലത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ വിട്ടുമാറും മുൻപേ, ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂർ കോളനിയിൽ വീണ്ടും മണ്ണിടിച്ചിൽ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പള്ളം എസ്റ്റേറ്റു പടിയിലായിരുന്നു സംഭവം. അന്ന് ദുരന്തത്തിന് ഇരയായി താമസം മാറ്റിയവർക്കായി സർക്കാർ ഒരുക്കിയ 'പുതിയ ഉന്നതി' കോളനിയിലെ വീടുകൾക്കും പരിസരവാസികൾക്കും വലിയ ഭീഷണിയുയർത്തിയാണ് വീണ്ടും മണ്ണും പാറയും ഇടിഞ്ഞത്.വ്യാഴാഴ്ച ഉച്ചയോടെ പ്രദേശവാസിയായ കുളപ്പുറത്ത് അസീസിന്റെ ഭാര്യ നസീറ വീടിന്റെ പുറകുവശത്ത് നിൽക്കെയാണ് ഉഗ്രശബ്ദത്തോടെ മണ്ണിടിച്ചിൽ ഉണ്ടായത്. മുപ്പത് അടിയോളം ഉയരത്തിൽ നിന്ന് ഭീമൻ പാറകളും മണ്ണും ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഇവർ ഓടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. എന്നാൽ ഇവരുടെ വീട്ടുപകരണങ്ങളും മറ്റും മണ്ണിനടിയിലായി. സമീപവാസിയായ പൂവത്തിത്തിങ്കൽ സുലൈമാന്റെ ഭാര്യ റസിയയും ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സ്ഥലം സന്ദർശിച്ചു
മണ്ണിടിച്ചിൽ ഉണ്ടായതിന് തൊട്ടുപിന്നാലെ ദേശമംഗലം പഞ്ചായത്ത് അധികൃതർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ദേശമംഗലം വില്ലേജ് ഓഫീസർ ഫിറോസ് അറിയിച്ചു.
ഭീതിയിലാഴ്ത്തി 'ഉന്നതി' കോളനി
2018 ഓഗസ്റ്റ് 15നുണ്ടായ ഉരുൾപൊട്ടലിൽ കൊറ്റമ്പത്തൂരിൽ നാല് പേർ മരിക്കുകയും മുപ്പത്തിയഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ 19 കുടുംബങ്ങൾക്കായി സർക്കാർ രണ്ട് ഏക്കറോളം ഭൂമി കണ്ടെത്തി, 5 സെന്റ് വീതം നൽകി 450 സ്‌ക്വയർ ഫീറ്റുള്ള വീടുകൾ നിർമ്മിച്ചു നൽകിയ പ്രദേശമാണ് 'കൊറ്റമ്പത്തൂർ ഉന്നതി'. ഈ കോളനിയിലെ ചിന്ന, പ്രേമ എന്നിവരുടെ വീടുകളാണ് ഇപ്പോൾ തകർച്ചാ ഭീഷണിയിലായിരിക്കുന്നത്.
കഴിഞ്ഞ തവണ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ പ്രതിരോധമെന്നോണം ഇവിടെ 30 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും വലിയ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ഭിത്തിയോട് ചേർന്നുള്ള ഭാഗത്താണ് മണ്ണ് ഇടിഞ്ഞത്. നിലവിൽ പ്രദേശത്തെ നാലോളം കുടുംബങ്ങൾ ഭീതിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |