SignIn
Kerala Kaumudi Online
Saturday, 04 July 2026 4.22 AM IST

വഴിമുടക്കി വണ്ടികൂമ്പാരം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം കൂടുന്നു

തൃശൂർ: നഗരത്തിന്റെ പരിസരപ്രദേശങ്ങളിലും റോഡരികുകളിലുമായി ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. കാറുകൾ,ഓട്ടോകൾ,ഇരുചക്രവാഹനങ്ങൾ എന്നിവ തുരുമ്പെടുത്ത് മാസങ്ങളോളം കിടന്ന് കാൽനടയാത്രികർക്കും മറ്റ് വാഹനങ്ങൾക്കും വലിയ രീതിയിലാണ് തടസം സൃഷ്ടിക്കുന്നത്.നഗരത്തിന്റെ പ്രധാന പാതയോരങ്ങളിലും ഇടവഴികളിലും ഇത്തരത്തിൽ നിരവധി വാഹനങ്ങളാണ് തുരുമ്പെടുത്ത് കിടക്കുന്നത്. കേടുപാടുകൾ സംഭവിച്ചതും ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞതുമായ വാഹനങ്ങൾ വർക്ക്ഷോപ്പുകളിൽ നൽകാതെ ഉടമകൾ പൊതുവഴിയിൽ ഉപേക്ഷിച്ചു കടന്നുകളയുന്ന സംഭവങ്ങളേറെയാണ്. അപകടങ്ങളിൽപ്പെട്ട് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് സ്ഥലമില്ലാത്തതിനാൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയിൽ പലതും സാമൂഹ്യവിരുദ്ധരുടെ താവളങ്ങളായും ലഹരിവസ്തുക്കൾ ഒളിപ്പിച്ചുവെക്കാനുള്ള കേന്ദ്രങ്ങളായും മാറുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. മഴക്കാലമായാൽ വാഹനങ്ങൾക്കുള്ളിൽ വെള്ളം കെട്ടിക്കിടന്ന് ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്നതിനും കാരണമാകുന്നു. കൂടാതെ,റോഡിന്റെ വീതി കുറഞ്ഞ് നിത്യേനയുള്ള ഗതാഗതക്കുരുക്കിനും ഇത് വഴിവെക്കുന്നു.

 ലേലം തന്നെ ശരണം

ഇത്തരത്തിൽ സംശയാസ്പദമായും അല്ലാതെയും ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ ആദ്യം നമ്പർ വെച്ച് പരിശോധിച്ച് ഉടമയേ കണ്ടെത്തി തിരികെ ഏൽപിക്കാനാണ് ശ്രമിക്കുന്നത്. അല്ലാത്ത പക്ഷം കുറച്ചുനാൾ കാത്തശേഷം ഇത്തരം വാഹനങ്ങൾ ലേലത്തിനു വയ്ക്കുകയാണ് പതിവ്.

ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെടാറുണ്ട്. ഇത്തരം സംഭവങ്ങൾ സംബന്ധിച്ച് പരിശോധന കർശനമാക്കും
നകുൽ രാജേന്ദ്ര ദേശ്മുഖ്
സിറ്റി പൊലീസ് കമ്മിഷണർ

നടപടി എടുക്കേണ്ടത് പൊലീസാണ്. വാഹനങ്ങൾ ഉപേക്ഷിക്കുന്നതിന്റെ എണ്ണം കൂടിയിട്ടുണ്ട്.
പി.വി. ബിജു (റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (എൻഫോഴ്സ്മെന്റ്) എം.വി.ഐ)

കാൽനടയാത്ര പോലും ദുഷ്‌കരമാണ്. പലപ്പോഴും രാത്രികാലങ്ങളിൽ ഇവ സുരക്ഷാ ഭീഷണിയാകുന്നു.
പ്രദേശവാസി
തെക്കേമഠം റോഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL