
വോട്ടർ പട്ടികയായില്ല, ജീവനക്കാരുടെ ആനുകൂല്യങ്ങൾ പ്രതിസന്ധിയിൽ
തൃശൂർ: നാന്നൂറിലേറെ ക്ഷേത്രങ്ങളുള്ള കൊച്ചിൻ ദേവസ്വം ബോർഡിൽ അംഗീകൃത യൂണിയനെ കണ്ടെത്താനുള്ള റഫറണ്ടം കാലാവധി കഴിഞ്ഞ് 2കൊല്ലം പിന്നിട്ടിട്ടും അനിശ്ചിതത്വത്തിൽ. പ്രാരംഭ നടപടികൾ ആരംഭിച്ചെന്ന് ബോർഡ് അധികൃതർ പറയുന്നുണ്ടെങ്കിലും കരട് വോട്ടർപട്ടിക പോലും തയ്യാറായിട്ടില്ല. ഭരണമാറ്റത്തെ തുടർന്ന് ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന ദേവസ്വം കമ്മിഷണർ സ്വന്തം വകുപ്പിലേക്ക് തിരിച്ചുപോയത് പ്രതിസന്ധി ഇരട്ടിയാക്കി. ഇനി പുതിയ കമ്മിഷണർ വന്ന ശേഷമേ നടപടികൾ മുന്നോട്ട് പോകൂ. ജൂനിയർ സൂപ്രണ്ടിന് താഴെയുള്ള 1800ഓളം സ്ഥിരം ജീവനക്കാർക്കാണ് ഇവിടെ വോട്ടാവകാശമുള്ളത്.
പ്രധാന മുദ്രാവാക്യം കെ.എസ്.ആർ പരിരക്ഷ
നിലവിൽ അംഗീകൃത സംഘടനയില്ലാത്തതിനാൽ ജീവനക്കാരുടെ പ്രശ്‌നങ്ങൾ ബോർഡിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്നില്ല. 40വർഷമായി ആവശ്യപ്പെടുന്ന കെ.എസ്.ആർ (കേരള സർവീസ് റൂൾസ്) പരിരക്ഷ.യുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ക്ഷേത്ര ജീവനക്കാർക്ക് ഉറപ്പാക്കുക എന്നതാണ് സംഘടനകളുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യം. 2017ജൂലായിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇത് നടപ്പിലാക്കിയിട്ടും കൊച്ചിൻ ബോർഡിൽ നടപ്പാക്കാത്തതിൽ ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്.
യൂണിയനുകളുടെ രാഷ്ട്രീയ നീക്കങ്ങൾ
സി.പി.എം അനുകൂല സംഘടന (സി.ഡി.ഇ.ഒ): കഴിഞ്ഞ റഫറണ്ടത്തിൽ ഇവർക്ക് മാത്രമായിരുന്നു അംഗീകാരം. എന്നാൽ ഭരണമാറ്റത്തോടെ ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന ആരോപണവും ഇവർക്കെതിരെയുണ്ട്.
കോൺഗ്രസ് അനുകൂല സംഘടന (കൊച്ചിൻ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ്): സംസ്ഥാനത്തെ ഭരണമാറ്റത്തോടെ ശക്തമായി രംഗത്തുണ്ട്. നിലവിലെ ഇടത് ബോർഡിന്റെ കാലാവധി അടുത്ത ഫെബ്രുവരിയിൽ അവസാനിച്ച ശേഷം റഫറണ്ടം നടത്തിയാൽ മതിയെന്നാണ് ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടൽ.
ബി.എം.എസ്. അനുകൂല സംഘടന (ക്ഷേത്ര കാർമ്മിക് സംഘ്): കഴിഞ്ഞ തവണ ശക്തമായ സാന്നിദ്ധ്യം തെളിയിച്ച ഇവരും ഇത്തവണ സജീവമായി രംഗത്തുണ്ട്.
ക്ഷേത്രങ്ങൾ : 409
വോട്ടവകാശമുള്ളത്: ജൂനിയർ സൂപ്രണ്ടിന് താഴെയുള്ള സ്ഥിരം ജീവനക്കാർക്ക്
പ്രധാന സംഘടനകൾ
സി.ഡി.ഇ.ഒ (സി.പി.എം), സി.ഡി.ഇ.എഫ് (സി.പി.ഐ), കൊച്ചിൻ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് (കോൺഗ്രസ്), കൊച്ചിൻ ദേവസ്വം ക്ഷേത്ര കാർമിക് സംഘ് (ബി.എം.എസ്)
റഫറണ്ടത്തിനുള്ള പ്രരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്. കമ്മിഷണർ സ്വന്തം വകുപ്പിലേക്ക് തിരിച്ച് പോയതിനാൽ വേഗം കുറഞ്ഞു. പുതിയ കമ്മിഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
- കെ.രവീന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |