
എതിർപ്പുമായി വ്യാപാരികൾ, ആശങ്ക വേണ്ടെന്ന് കോർപ്പറേഷൻ
തൃശൂർ: കുറുപ്പം റോഡിലെ നടപ്പാത നിർമ്മാണത്തിൽ വ്യാപാരികളും കോർപ്പറേഷനും രണ്ടുതട്ടിൽ. സ്വരാജ് റൗണ്ടിൽ നിന്നും ചെട്ടിയങ്ങാടി വരെയുള്ള റോഡിന്റെ ഇടതുവശത്തെ നടപ്പാതയുടെ കോൺക്രീറ്റ് ഉയർന്നുപോയെന്നാണ് വ്യാപാരികളുടെ പരാതി. എന്നാൽ കാൽനടയാത്രികരുടെ സുരക്ഷിതത്വം കണക്കാക്കി റോഡിൽ നിന്നും ആറിഞ്ച് മാത്രമേ ഉയരമുള്ളൂവെന്നാണ് എൻജിനിയർമാരുടെ വാദം.
എന്നാൽ ചെട്ടിയങ്ങാടിക്ക് സമീപം സൂഡിയോ കെട്ടിട ഭാഗത്തെ നടപ്പാത ഉയരത്തിലായെന്നത് കോർപ്പറേഷൻ അധികൃതരും സമ്മതിച്ചു. ഇത് പൊളിച്ച് നിർമ്മിക്കും. സ്വരാജ് റൗണ്ട് മുതൽ കുരിയച്ചിറ വരെയുള്ള 2.35 കി.മീ. കൊക്കാലെ വരെയുള്ള ആദ്യഘട്ടമാണ് ഇപ്പോൾ നിർമ്മിക്കുന്നത്. 250 മീറ്റർ വീതമുള്ള നാലു റീച്ചുകളായാണ് ആദ്യഘട്ടം പൂർത്തീകരിക്കുക. ആദ്യ റീച്ച് കഴിയുമ്പോൾ ആശങ്കയൊഴിയുമെന്നാണ് എൻജിനിയറിംഗ് വിഭാഗത്തിന്റെ വിശദീകരണം.
പരാതിയുമായി വ്യാപാരികൾ
നിർമ്മാണം അശാസ്ത്രീയമാണെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ കാനനിർമ്മാണം പ്രഖ്യാപിച്ചെങ്കിലും നടപ്പാത മാത്രമാണ് നിർമ്മിക്കുന്നതെന്നാണ് വ്യാപാരികളുടെ പരാതി. പാർക്കിംഗ് ഏരിയയിലേക്ക് പ്രവേശിക്കാനാകാത്തതും ഉന്നയിച്ചു. കാനയുടെ ബലക്ഷയമുള്ള സ്ലാബുകൾക്ക് മുകളിൽ കോൺക്രീറ്റ് ചെയ്യുന്നത് ദോഷമാകുമെന്നാണ് വ്യാപാരികളുടെ ആരോപണം.
വെള്ളക്കെട്ടുണ്ടാകില്ല
മഴവെള്ളം ഒഴുകിപ്പോകാനുള്ള ചരിവ് കുറുപ്പം റോഡിനുണ്ടെന്നും വെള്ളക്കെട്ട് ഉണ്ടാകില്ലെന്നും എൻജിനിയറിംഗ് വിഭാഗം. നടപ്പാതയ്ക്ക് ഇടയിൽ ഓരോ 15 മീറ്ററിലുമുള്ള ഗ്രിൽ മാൻഹോൾ വഴി വെള്ളം കാനയിലേക്ക് ഇറങ്ങും. ശനിയാഴ്ചയിലെ പെരുമഴയിൽ പോലും വെള്ളക്കെട്ട് ഉണ്ടായിട്ടില്ല.
പരാതികേട്ട് മേയർ
കുറുപ്പം റോഡിലെ പരാതി കേൾക്കാൻ നേരിട്ടെത്തി മേയർ ഡോ.നിജി ജസ്റ്റിൻ. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എത്തിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.ആർ.സന്തോഷ്, വില്ലി ജിജോ, ജേക്കബ് പുലിക്കോട്ടിൽ, കൗൺസിലർ പൂർണിമ സുരേഷും എൻജിനിയറിംഗ് വിഭാഗവും കരാറുകാരനും ഒപ്പമുണ്ടായിരുന്നു.
വ്യാപാരി പ്രതിനിധികളുമായി ഇന്ന് ഉച്ചയ്ക്ക് 12.30ന് ചർച്ച നടത്തുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം കാണും.
ഡോ.നിജി ജസ്റ്റിൻ, മേയർ
വൈകിയാലും നിർമ്മാണം ശാസ്ത്രീയമായി പൂർത്തിയാക്കണം. വ്യാപാരികളുടെ ആവശ്യം പരിഗണിക്കണം.
- ടി.ആർ.ഹിരൺ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ്
സ്വരാജ് റൗണ്ട് - കൊക്കാലൈ ഡ്രെയിനേജ്
ആകെ ദൂരം: 1കി.മി.
നടപ്പാതയുടെ വീതി: 3 അടി
ആകെ മാൻഹോളുകൾ: 137
നിർമ്മാണരീതി: 250 മീ. വീതമുള്ള 4 റീച്ചുകൾ
മാൻഹോൾ വിടവ് (60% ദൂരം): 15 മീ.
മാൻഹോൾ വിടവ് (40% ദൂരം): 10 മീ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |